എറണാകുളം: കൊച്ചിയിൽ ഹോട്ടൽ ജീവനക്കാരിയെ മർദിച്ച കേസിൽ കൊച്ചി കോർപ്പറേഷൻ യുഡിഎഫ് കൗൺസിലർ സുനിത ഡിക്‌സൻ്റെ മൊഴിയെടുക്കും. ഹോട്ടൽ ജീവനക്കാരിയുടെ പരാതിയിൽ സുനിത ഡിക്‌സനെതിരെ മരട് പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. ഹോട്ടൽ കോമ്പൗണ്ടിലെ കാനയ്ക്കു മുകളിലുള്ള സ്ലാബ് നീക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ സുനിത, യുവതിയുടെ മുഖത്തടിക്കുകയും അസഭ്യം പറയുകയും ചെയ്‌തുവെന്നാണ് പരാതി.
കൊച്ചി കോര്‍പ്പറേഷന്‍ 49-ാം ഡിവിഷന്‍ കൗണ്‍സിലറായ സുനിതാ ഡിക്‌സൻ്റെ മര്‍ദനത്തില്‍ പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്നാണ് മരട് പൊലീസില്‍ പരാതി നല്‍കിയത്. വൈറ്റിലയിലെ ആര്‍ടിക് ഹോട്ടലിലെ വനിതാ ജീവനക്കാരിക്കാണ് മര്‍ദനമേറ്റത്.
ഹോട്ടലിന് സമീപത്തുള്ള കാനയ്ക്കു മുകളിലുള്ള സ്ലാബ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ സുനിതാ ഡിക്‌സണ്‍ യുവതിയുടെ മുഖത്തടിക്കുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ ഉൾപ്പടെ പുറത്ത് വന്നിരുന്നു. തന്നെ അസഭ്യം പറയുകയും കൈപിടിച്ച് തിരിച്ചുവെന്നുമാണ് മര്‍ദനമേറ്റ യുവതി പരാതിപ്പെട്ടത്.
കൗണ്‍സിലറും ആര്‍എസ്‌പി നേതാവുമായ സുനിതാ ഡിക്‌സണ്‍ ഒരു മുന്നറിയിപ്പുമില്ലാതെയാണ് ജെസിബി ഉപയോഗിച്ച് സ്ലാബുകള്‍ നീക്കം ചെയ്യാന്‍ തുടങ്ങിയതെന്ന് ഹോട്ടലധികൃതര്‍ ആരോപിച്ചു. കൗൺസിലർ പലപ്പോഴായി തങ്ങളില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും ഏറ്റവുമൊടുവില്‍ 15 ലക്ഷം രൂപ ആവശ്യപ്പെട്ട് അത് നല്‍കാത്തതിലുള്ള വിരോധമാണ് കൗൺസിലർക്കെന്നും ഇവർ ആരോപിക്കുന്നു.