തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി അധ്യാപകരുടെ പൊതു സ്ഥലം മാറ്റം പരിഗണിക്കുമ്പോള്‍ മുന്‍പ് അന്യ ജില്ലയില്‍ ചെയ്‌ത സേവനത്തിന് മതിയായ മുന്‍ഗണന നല്‍കാന്‍ കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു(Higher Secondary Teachers General Transfer Norm's). ഹയര്‍സെക്കണ്ടറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് നേരത്തേ കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തത ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജിയിലാണ് കോടതിയുടെ പുതിയ നിര്‍ദ്ദേശം.
പൊതു സ്ഥലം മാറ്റത്തില്‍ മാതൃ ജില്ലയോ സമീപ ജില്ലയോ ആവശ്യപ്പെടുന്നവര്‍ക്ക് അവരുടെ കഴിഞ്ഞകാലങ്ങളിലെ ഔട്ട് സ്റ്റേഷന്‍ ഡ്യൂട്ടി കൂടി പരിഗണിച്ചാകണം പുതിയ സ്ഥലംമാറ്റം നല്‍കേണ്ടത് എന്നായിരുന്നു ട്രൈബൂണലിന്‍റെ ആദ്യ ഉത്തരവ്. സമീപ ജില്ല എന്ന കോടതി നിര്‍ദ്ദേശത്തില്‍ കൂടുതല്‍ വ്യക്തത ആവശ്യമാണെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. പൊതു സ്ഥലംമാറ്റത്തിന് മാതൃ ജില്ല പരിഗണിക്കുമ്പോള്‍ മാത്രമാണ് ഔട്ട് സ്റ്റേഷന്‍ ഡ്യൂട്ടി പരിഗണിച്ചിരുന്നത്. സര്‍ക്കാരിന്‍റെ ഈ നയത്തിന് വിരുദ്ധമാണ് കോടതിയുടെ പുതിയ ഉത്തരവ്.
അന്യ ജില്ലകളിലെ സേവനത്തിന്‍റെ അടിസ്ഥാനത്തിലാകണം പൊതു സ്ഥലം മാറ്റത്തില്‍ അപേക്ഷകന്‍റെ അപേക്ഷ പരിഗണിക്കേണ്ടതെന്ന് 2019 ലെ പൊതു സ്ഥലംമാറ്റ മാനദണ്ഡത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനെ അടിസ്ഥാനമാക്കിയാകണം പൊതു സ്ഥംമാറ്റം ഉണ്ടാകേണ്ടതെന്ന കോടതി നിര്‍ദ്ദേശമുണ്ടെങ്കിലും പലപ്പോഴും ഇതിന് വിരുദ്ധമായ നിലപാടാണ് സ്ഥലം മാറ്റ പട്ടികയില്‍ കാണുപ്പെടുന്നതെന്ന ആരോപണം ശക്തമാണ്.