തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വർധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും (High electricity consumption Kerala CM calls for meeting). വൈദ്യുതി ഉപയോഗം തുടർച്ചയായ ദിവസങ്ങളിൽ 100 ദശലക്ഷം യൂണിറ്റ് കടന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്ഥിതി ഗുരുതരമാകുമെന്ന മുന്നറിയിപ്പുകൾക്കിടെയാണ് മുഖ്യമന്ത്രി യോഗം ഇന്ന് നടക്കുക. വൈകിട്ട് 3 മണിക്കാണ് യോഗം ചേരുക.
വൈദ്യുതി, ധനകാര്യ മന്ത്രിമാർ, കെഎസ്ഇബി ഉദ്യോഗസ്ഥർ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും. റദ്ദാക്കിയ ദീർഘകാല വൈദ്യുതി കരാർ പുനഃസ്ഥാപിക്കുന്നതിലെ അനിശ്ചിതത്വവും യോഗത്തിൽ ചർച്ചയാകും. തിങ്കളാഴ്‌ച 10.02 കോടി യൂണിറ്റ് വൈദ്യുതിയാണ് വേണ്ടിവന്നത്. മാര്‍ച്ചില്‍ തന്നെ ഇത്രയധികം വൈദ്യുതി വേണ്ടിവരുന്നത് ചരിത്രത്തിലാദ്യമാണ്.
സംസ്ഥാനത്തെ വൈദ്യുതി സാഹചര്യം രൂക്ഷമാകുന്നുവെന്ന് കാട്ടി വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻ കുട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. വിഷയം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതല യോഗം ചർച്ച ചെയ്യും.
അതേസമയം വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത ഉന്നതാധികാര സമിതി യോഗവും ഇന്ന് നടക്കും. രാവിലെ 11.30ന് ഓൺലൈന്‍ ആയാണ് യോഗം ചേരുക. യോഗത്തിൽ മന്ത്രിമാരും ചീഫ് സെക്രട്ടറിയും പങ്കെടുക്കും.
വകുപ്പുകളുടെ പ്രവർത്തന പുരോഗതിയും യോഗം വിലയിരുത്തും. മന്ത്രിസഭ യോഗത്തിൽ രൂപം നൽകിയ മൂന്ന് സമിതികളുടെ പ്രവർത്തനവും യോഗത്തിൽ വിലയിരുത്തും. പ്രശ്‌നബാധിത മേഖലകളിൽ കൂടുതൽ വാച്ചർമാരെ നിയോഗിക്കുക, നിലവിലുള്ള റാപ്പിഡ് റെസ്പോൺസ് ടീമുകളെ ശാക്തീകരിക്കുക, വനത്തിനുള്ളിൽ മൃഗങ്ങൾക്ക് വെള്ളം ഉറപ്പാക്കുക തുടങ്ങി മന്ത്രിസഭ യോഗം നിർദേശിച്ച പരിഹാര നടപടികളുടെ പ്രവർത്തന പുരോഗതിയും ഇന്ന് ചേരുന്ന ഉന്നതതല യോഗം വിലയിരുത്തും.
മാത്രമല്ല വന്യജീവി പ്രശ്‌നത്തിൽ പുതിയ പദ്ധതികൾ തയ്യാറാക്കാൻ അന്തർദേശീയ വിദഗ്‌ധരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകാനാണ് സാധ്യത.