എറണാകുളം : തുറവൂർ മഹാക്ഷേത്രത്തിൽ മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും അടക്കം അഭിവാദ്യമർപ്പിച്ച് ഫ്ലക്‌സ് ബോർഡ് വച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സർക്കാരിനും ദേവസ്വം ബോർഡിനും അഭിവാദ്യം അർപ്പിച്ച് ഫ്ലക്‌സ് ബോർഡ് വയ്‌ക്കാനുള്ളതല്ലാ ക്ഷേത്രങ്ങളെന്ന് കോടതി വിമര്‍ശിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് കോടതി വിശദീകരണം തേടി.
ശബരിമല ഇടത്താവളത്തില്‍ തീര്‍ഥാടകര്‍ക്കായി അന്നദാനത്തിന് അനുമതി നല്‍കിയ സംസ്ഥാന സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് ഫ്ലക്‌സ് വച്ച സംഭവത്തിലാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. മുഖ്യമന്ത്രി, ദേവസ്വം മന്ത്രി, സ്ഥലം എംഎൽഎ തുടങ്ങിയവർക്ക് അഭിവാദ്യം അർപ്പിച്ചായിരുന്നു ക്ഷേത്രത്തിൽ ഫ്ലക്‌സ് ബോർഡുകൾ സ്ഥാപിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഭക്തര്‍ വരുന്നത് ഭഗവാനെ കാണാനാണ്. ഫ്ലക്‌സിലുള്ളവരുടെ മുഖം കാണാനല്ല. ക്ഷേത്ര ഉപദേശക സമിതിയുടെ ജോലി ഇതല്ലെന്നും കോടതി വിമർശിച്ചു. ഭക്തര്‍ ക്ഷേത്രത്തിലേക്ക് നല്‍കുന്ന പണം ഉപയോഗിച്ചല്ല ഫ്ലക്‌സ് അടിക്കേണ്ടതെന്ന് ഓർമിപ്പിച്ച കോടതി, ഫ്ലക്‌സ് ബോര്‍ഡുകള്‍ അടിക്കുന്നതിന് ചെലവാക്കുന്ന തുക കൂടി അന്നദാനത്തിന് ചെലവാക്കണമെന്നും ചൂണ്ടിക്കാട്ടി.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളിൽ ഇത്തരം ഫ്ലക്‌സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ബോർഡ് സെക്രട്ടറിയ്ക്കും ഹൈക്കോടതി നിർദേശം നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ജൂബിലി ആഘോഷ ഫ്ലക്‌സുകൾ വിവിധ ക്ഷേത്രങ്ങളിൽ സ്ഥാപിച്ചതിന് മുൻപും ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു.