എറണാകുളം: ഹൈറിച്ച് ഓൺലൈൻ ഷോപ്പി ഉടമകൾക്കെതിരായ അനധികൃത നിക്ഷേപം സ്വീകരിച്ചെന്ന കേസിൽ സംസ്ഥാന പൊലീസ് സമാന്തര അന്വേഷണം നടത്തരുതെന്ന് ഹൈക്കോടതി. കേസ് സർക്കാർ സിബിഐക്ക് വിട്ടതിന് ശേഷവും കേസിൽ സംസ്ഥാന പൊലീസ് നടത്തുന്ന സമാന്തര അന്വേഷണത്തിനെതിരെ ഹൈറിച്ച് നൽകിയ ഹർജിയിലാണ് കോടതി നടപടി.
നിക്ഷേപം സ്വീകരിക്കൽ നിരോധന നിയമപ്രകാരം നേരത്തെ ഹൈറിച്ച് ഉടമകൾക്കെതിരെ ചേർപ്പ് പൊലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്യപ്പെട്ട കേസ് ഉൾപ്പടെ, ഹൈറിച്ച് നിക്ഷേപവുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലെയും അന്വേഷണം സിബിഐക്ക് വിട്ട് കൊണ്ട് മാർച്ച് 16 ന് സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.
എന്നാൽ അതിന് ശേഷവും ഹൈറിച്ച് ഉടമകൾക്കെതിരെ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ സംസ്ഥാന പൊലീസ് കേസുകൾ രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം നടത്തിവന്ന സാഹചര്യത്തിലാണ് ഹൈറിച്ച് ഉടമകൾ പൊലീസിന്‍റെ സമാന്തര അന്വേഷണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
സിബിഐ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ കേസിൽ സംസ്ഥാന പൊലീസിന് അന്വേഷണം നടത്താൻ അധികാരമില്ലെന്നും പുതുതായി രജിസ്‌റ്റർ ചെയ്‌ത കേസുകളിൽ സംസ്ഥാന പൊലീസ് നടത്തിവരുന്ന അന്വേഷണം സിബിഐ അന്വേഷണത്തിന് സമാന്തരമാണെന്നും അത് നിയമവിരുദ്ധമാണെന്നും ഹൈറിച്ച് ഉടമകൾ വാദിച്ചു.
കേസ് പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബഞ്ച് സർക്കാർ അഭിഭാഷകനോട് വിശദീകരണം തേടുകയും കേസിൽ സിബിഐ അന്വേഷണത്തിന് സമാന്തരമായ അന്വേഷണം സംസ്ഥാന പൊലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ല എന്നും നിർദേശം നൽകുകയായിരുന്നു. അതേ സമയം പുതിയ പരാതികൾ ലഭിച്ചാൽ, എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യുന്നതിന് തടസമില്ല.
Also Read: ഓണ്‍ലൈന്‍ ഓഹരി വ്യാപാരത്തിന്‍റെ മറവിൽ 17 ലക്ഷം തട്ടി ; യുവതി പിടിയിൽ