എറണാകുളം : സംസ്ഥാനത്ത് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി ബീക്കൺ ലൈറ്റും ഗവൺമെന്‍റ് സെക്രട്ടറിമാരുൾപ്പെടെയുള്ളവർ അനധികൃത ബോർഡുകളും വാഹനങ്ങളിൽ ഉപയോഗിക്കുന്നുവെന്ന് ഹൈക്കോടതി. വാഹനങ്ങളിലെ രൂപമാറ്റം സംബന്ധിച്ച വിഷയം പരിഗണിക്കവെയാണ് സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ രൂക്ഷ വിമർശനം. 'കഴിഞ്ഞ ദിവസം ഒരു ഐജി ബീക്കൺ ലൈറ്റിട്ടാണ് വീട്ടിലേക്ക് പോയത്' എന്ന് പറഞ്ഞ കോടതി അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കേണ്ടതാണ് ബീക്കൺ ലൈറ്റെന്ന് ഓർമിപ്പിച്ചു.
നിയമം ലംഘിക്കപ്പെട്ടിട്ടും നടപടി എടുക്കാത്തതെന്തെന്നും കോടതി ചോദിച്ചു. ഗവ. സെക്രട്ടറിമാർ അടക്കമുള്ളവർ സർക്കാർ എന്നെഴുതിയ അനധികൃത ബോർഡുകൾ വാഹനങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ഇത്തരക്കാർക്ക് എന്ത് പ്രത്യേക പരിഗണനയാണ് ലഭിക്കുന്നത്. കേരളത്തിൽ മാത്രമാണ് ഈ രീതിയെന്നും കോടതി ചൂണ്ടിക്കാണിച്ചു.
കൂടാതെ കസ്റ്റംസ്, ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരും അനധികൃതമായി ബോർഡ് ഉപയോഗിക്കുന്നു. മേയര്‍മാരുടെ വാഹനങ്ങളിൽ പോലും ഹോൺ പുറത്താണ് വച്ചിരിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി. പല വാഹനങ്ങളിലും ഫ്ലാഷ് ലൈറ്റുകള്‍ ഉപയോഗിക്കുന്നതായും കോടതി കണ്ടെത്തി.
നിയമവിരുദ്ധമായി വാഹനം ഓടിച്ച അർജുൻ ആയങ്കിയുടെ വാഹനം പിടിച്ചെടുത്തതായി സർക്കാർ കോടതിയെ അറിയിച്ചു. ജീപ്പിന്‍റെ കളർ ഫോട്ടോ നാളെ ഹാജരാക്കണമെന്ന് ഡിവിഷൻ ബെഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു.