എറണാകുളം : മലപ്പുറം വേങ്ങരയിൽ നവവധുവിന് നേരെയുണ്ടായ ഗാർഹിക പീഡനത്തിൽ അന്വേഷണ ഉദ്യോഗസ്ഥനോട് റിപ്പോർട്ട് തേടി ഹൈക്കോടതി. അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി നവവധു നൽകിയ ഹർജിയിലാണ് കോടതി നടപടി. യുവതി നൽകിയ പരാതിയില്‍ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് ആവശ്യപ്പെട്ട കോടതി ഒരാഴ്ച്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു.
അന്വേഷണത്തിന്‍റെ പുരോഗതിയാണ് പൊലീസ് കോടതിയെ അറിയിക്കേണ്ടത്.
അന്വേഷണം ശരിയായവിധത്തിലല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നവവധു ഹൈക്കോടതിയെ സമീപിച്ചത്. മലപ്പുറം എസ്‌പിയ്ക്കടക്കം നൽകിയ പരാതികളിൽ കാര്യമായ നടപടി സ്വീകരിച്ചിട്ടില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്. അന്വേഷണം ക്രൈംബ്രാഞ്ച്, സിഐഡി, സിബിഐ തുടങ്ങി ഏതെങ്കിലുമൊരു ഏജൻസിയ്ക്ക് കൈമാറണമെന്നും യുവതി ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ മെയ് രണ്ടാം തീയതിയാണ് പരാതിക്കാരിയും മുഹമ്മദ് ഫായിസും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ആറാംനാൾ മുതൽ ഫായിസ് ഉപദ്രവം ആരംഭിച്ചെന്നാണ് പരാതി. നവവധുവിന്‍റെ വീട്ടിൽ വിരുന്നിന് പോയി മടങ്ങി എത്തിയ ശേഷമാണ് ഉപദ്രവം തുടങ്ങിയത്. ആൺ സുഹൃത്തുണ്ടെന്ന് പറഞ്ഞാണ് ഇയാൾ മർദനം തുടങ്ങുന്നത്. സൗന്ദര്യമില്ലെന്ന് പറഞ്ഞും സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞും പ്രതി മർദനം തുടർന്നതായും യുവതി ഹർജിയിൽ പറയുന്നുണ്ട്.
Also Read: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു