എറണാകുളം: പെരിയാറിലെ മത്സ്യക്കുരുതിയിൽ ജലസേചന വകുപ്പിനെതിരെ ഹൈക്കോടതിയിൽ മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ സത്യവാങ്മൂലം. പാതാളം ബണ്ട് ദീർഘകാലം അടച്ചിടുന്നത് ജൈവമാലിന്യം അടിഞ്ഞുകൂടുന്നതിന് ഇടയാക്കുന്നു.
പെരിയാറിലെ ഒഴുക്ക് കുറഞ്ഞ നിലയ്‌ക്കെങ്കിലും നിലനിർത്തണമെന്ന് നിർദ്ദേശം നൽകിയിരുന്നു.
2017 ലെ ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ നിർദ്ദേശ പ്രകാരമാണ് ജലസേചന വകുപ്പിന് നിർദ്ദേശം നൽകിയത്. ഈ നിർദ്ദേശം ജലസേചന വകുപ്പ് നടപ്പാക്കിയില്ലെന്നും മലിനീകരണ നിയന്ത്രണ ബോർഡ് കോടതിയെ അറിയിച്ചു. പാതാളം റെഗുലേറ്റർ കം ബ്രിഡ്‌ജിൻ്റെ ഷട്ടർ തുറന്നത് പിസിബിയെ അറിയിക്കാതെയെന്നും മലിനീകരണ നിയന്ത്രണ ബോർഡ്.
മീൻ ചത്തു പൊന്തിയ രാത്രി തന്നെ സാംപിളുകൾ ശേഖരിച്ചിരുന്നു. ഓക്‌സിജൻ ലെവൽ കുറഞ്ഞതാണ് മീനുകൾ ചത്തു പൊന്താൻ കാരണമെന്നും മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കി. അതേസമയം പെരിയാറിൽ മീനുകൾ ചത്തു പൊങ്ങിയ സംഭവത്തിൽ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടി.
ഹർജി ഹൈക്കോടതി വരുന്ന 10 ന് വീണ്ടും പരിഗണിക്കും. പെരിയാറിൽ രാസമാലിന്യത്തിന്‍റെ സാന്നിധ്യമില്ലെന്നായിരുന്നു പിസിബിയുടെ റിപ്പോർട്ട്. എന്നാൽ അമോണിയയുടെയും സൾഫൈഡിന്‍റെയും സാന്നിധ്യം പെരിയാറിൽ ഉണ്ടായിരുന്നുവെന്നായിരുന്നു കുസാറ്റിന്‍റെ റിപ്പോർട്ട്.