ഇടുക്കി: ജില്ലയില്‍ മൂന്ന് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ വ്യാപക നാശനഷ്‌ടം. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കല്ലാർകുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു. ദുരന്ത സാധ്യത മേഖലയിലുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു.
ജില്ലയിൽ രാത്രി യാത്ര നിരോധനം തുടരുമെന്ന് സബ് കലക്‌ടർ വിഎം ജയകൃഷ്‌ണൻ അറിയിച്ചു. ദേവികുളത്ത് കരിങ്കൽ കെട്ട് ഇടിഞ്ഞ് ഒരു വീട് തകർന്നു. കട്ടപ്പനയിൽ വീടിന് മുകളിലേയ്‌ക്ക് മരം വീണു. മൂന്നാറിൽ ഒമ്പത് കുടുംബങ്ങളെ ദുരിതശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു.
ഗ്യാപ്പ് റോഡ് വഴിയുള്ള രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയിൽ ദേവികുളം കോളനിയിൽ റോഡിന്‍റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണ് പ്രദേശവാസിയായ വിൽസന്‍റെ വീട് തകർന്നു. കുടുംബം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വീടിന്‍റെ അടുക്കളയും രണ്ട് മുറികളും പൂർണമായി തകർന്നു.
കട്ടപ്പന സ്വദേശി പുത്തൻ പുരയ്‌ക്കൽ റംനത്ത് ബീവിയുടെ വീടിന് മുകളിലേയ്‌ക്ക് അയൽവാസിയുടെ പുരയിടത്തിൽ നിന്ന മരം വീണ് വീട് ഭാഗികമായി തകർന്നു. മൂന്നാർ പൊലീസ് സ്റ്റേഷന് സമീപം മണ്ണിടിച്ചിലുണ്ടായി. സമീപത്തെ കെട്ടിടങ്ങൾ അപകടാവസ്ഥയിലാണ്. മുന്നാർ മൗണ്ട് കാർമ്മൽ ബസലിക്കയുടെ ഹാളിലേയ്‌ക്ക് 9 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അപകട മേഖലയായ അന്തോണിയർ കോളനിയിൽ നിന്നടക്കം ആളുകളെ മാറ്റിപ്പാർപ്പിക്കുമെന്നും ദേവികുളം സബ് കലക്‌ടർ വ്യക്തമാക്കി.
ഗ്യാപ് റോഡിലും വാഹന ഗതാഗത നിയന്ത്രണം എർപ്പെടുത്തി. പകൽ ഇതുവഴി കടന്ന് പോകുന്ന ടൂറിസ്റ്റ് വാഹനങ്ങളടക്കം ഗ്യാപ്പ് റോഡിൽ നിർത്തരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. കരുണാപുരത്ത് സംരക്ഷണ ഭിത്തി തകർന്ന് മൂന്ന് വീടുകൾ അപകടാവസ്ഥയിലായി. കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് അധികൃതർ നടപടി സ്വീകരിച്ചിട്ടുണ്ട്. ഏലപ്പാറ ബോണാമിയിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് ഒരു വീട് ഭാഗികമായി തകർന്നു.
Also Read: നേര്യമംഗലത്ത് കാറിനും ബസിനും മുകളിലേക്ക് മരം വീണു, ഒരാള്‍ മരിച്ചു