ആലപ്പുഴ : കനത്ത മഴയെ തുടർന്ന് കുട്ടനാട്ടിലെ വീടുകളിൽ വെള്ളം കയറി. ജില്ലയില്‍ 4 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ചെങ്ങന്നൂർ, ചേർത്തല താലൂക്കുകളിലാണ് ക്യാമ്പ് തുറന്നത്. ദുരന്ത സാധ്യത മേഖലയില്‍ നിന്നുള്ള 18 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. 16 പുരുഷൻമാരും 23 സ്‌ത്രീകളും 13 കുട്ടികളുമാണ് നിലവില്‍ ക്യാമ്പുകളിലുള്ളത്.
ചെങ്ങന്നൂരിലെ മൂന്ന് ക്യാമ്പുകളിലായി 42 പേരാണുള്ളത്. ചേർത്തലയിൽ ഒരു ക്യാമ്പാണ് പ്രവർത്തിക്കുന്നത്. ഇവിടെ 10 പേരാണ് കഴിയുന്നത്. കിഴക്കന്‍ വെള്ളത്തിന്‍റെ വർധനവും കുട്ടനാട്ടിലെ ജലാശയങ്ങളിലെ ജലനിരപ്പ് ഉയരാൻ കാരണമായി. മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ നിരണം, തലവടി, എടത്വാ, തകഴി, വീയപുരം എന്നീ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.
മുട്ടാർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായതോടെ ജനജീവിതം ദുസഹമായി. തലവടി, മുട്ടാർ പ്രദേശത്തെ നദികളും തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ്. മഴ നീണ്ടുനിന്നാൽ തലവടിയിലെ ഒട്ടുമിക്ക വീടുകളും വെള്ളത്തിൽ മുങ്ങും. മഴയോടൊപ്പമുള്ള ശക്തമായ കാറ്റിൽ മരങ്ങൾ വീണ് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് . മഴ ഇനിയും ശക്തമായി തുടർന്നാൽ കുട്ടനാട്ടിലെ സ്‌കൂളുകളുടെ പ്രവർത്തനവും സ്‌തംഭിക്കും.