കാസർകോട്: കാസർകോട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഉപ്പള നദിയിലെ ജലനിരപ്പ് ഉയർന്നു. നദിയുടെ സമീപമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നദി മുറിച്ച് കടക്കാനോ നദിയിൽ ഇറങ്ങാനോ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.
പ്രളയസാധ്യതയുള്ളിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാകണമെന്നും അധികൃതർ അറിയിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. ഇതോടെയാണ് കാസർകോട് ജില്ലയിലെ പുഴകളിൽ ജല നിരപ്പ് ഉയർന്നത്.
കാസർകോട് ജില്ലയിൽ ഇന്ന് (ഓഗസ്‌റ്റ് 30) ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് സൂചന.
Also Read: സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത; വയനാടിന് പ്രത്യേക ജാഗ്രത നിര്‍ദേശം