തിരുവനന്തപുരം: ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ പുരോഗമിക്കുന്നു. ഇന്ന് (ജൂലൈ 22) രാവിലെയാണ് ഹൃദയമാറ്റ ശസ്ത്രക്രിയ തുടങ്ങിയത്. മസ്‌തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശിയായ അധ്യാപികയുടെ ഹൃദയമാകും തിരുവനന്തപുരം സ്വദേശിയായ 12 വയസുകാരിയ്ക്ക് മാറ്റിവെയ്ക്കുക.
ഹൃദയ മാറ്റ ശസ്ത്രക്രിയയ്ക്ക് 2021 ൽ തന്നെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ച ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ലൈസൻസ് നടപടി ക്രമങ്ങൾ കഴിഞ്ഞ മാസമായിരുന്നു പൂർത്തിയായത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ആന്തരിക രക്തസ്രാവം കാരണം ചികിത്സയിലായിരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ അധ്യാപിക ഡാനിക്ക് മസ്‌തിഷ്‌ക മരണം സംഭവിച്ചിരുന്നു.
ഹൃദയം ഉൾപ്പെടെ അഞ്ച് അവയവങ്ങളാകും ആന്തരിക രക്തസ്രാവം മൂലം മസ്‌തിഷ്‌ക മരണം സംഭവിച്ച അധ്യാപിക ധാനം ചെയ്യുക. ഇവർ കാർഡിയോ മയോപതി എന്ന രോഗാവസ്ഥയിലായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.