ആലപ്പുഴ: ഗര്‍ഭസ്ഥ ശിശുവിന്‍റെ വൈകല്യം കണ്ടെത്താത്ത സംഭവത്തില്‍ ആലപ്പുഴയിലെ രണ്ട് സ്‌കാനിങ് സെന്‍ററുകള്‍ക്ക് എതിരെ ആരോഗ്യ വകുപ്പിന്‍റെ നടപടി. രണ്ട് സ്‌കാനിങ് സെന്‍ററുകള്‍ പൂട്ടി സീല്‍ ചെയ്‌ത ആരോഗ്യ വകുപ്പ് സ്ഥാപനങ്ങളുടെ ലൈസൻസും റദ്ദാക്കി. സ്‌കാനിങ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പൂട്ടി സീല്‍ ചെയ്‌തത്.
നിയമപ്രകാരം സ്‌കാനിങ് റെക്കോഡുകള്‍ രണ്ട് വര്‍ഷം സൂക്ഷിക്കണമെന്ന് നിബന്ധനയുണ്ട്. എന്നാല്‍, അന്വേഷണത്തില്‍ ഇരു സ്ഥാപനങ്ങളും റെക്കോഡുകളൊന്നും സൂക്ഷിച്ചിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ നിര്‍ദേശപ്രകാരം ആരോഗ്യ വകുപ്പിലെ വിദഗ്‌ധസംഘം നടത്തുന്ന പരിശോധനകള്‍ക്കിടയിലാണ് റെക്കോഡുകള്‍ ഉള്‍പ്പെടെയുള്ളവ സൂക്ഷിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. ഇതില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് അസാധാരണ വൈകല്യവുമായി കുഞ്ഞ് ജനിച്ചത്. പ്രസവത്തിന് മുന്‍പ് നടത്തിയ സ്‌കാനിങ്ങുകളില്‍ നവജാത ശിശുവിന്‍റെ വൈകല്യങ്ങള്‍ കണ്ടെത്തുന്നതില്‍ ഡോക്‌ടര്‍മാര്‍ പരാജയപ്പെട്ടുവെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നാല് ഡോക്‌ടര്‍മാര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിരുന്നു.
കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാര്‍ക്കെതിരെയും സ്വകാര്യ ലാബിലെ രണ്ട് ഡോക്‌ടര്‍മാര്‍ക്കെതിരെയുമാണ് സംഭവത്തില്‍ കേസെടുത്തത്. ആലപ്പുഴ സൗത്ത് പൊലീസിന്‍റേതായിരുന്നു നടപടി. ഇതിന് പിന്നാലെ സംഭവത്തില്‍ ആരോഗ്യ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ആരോഗ്യ വകുപ്പ് അഡിഷണല്‍ ഡയറക്‌ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.
Also Read : ആലപ്പുഴ വനിത - ശിശു ആശുപത്രിക്കെതിരെ വീണ്ടും പരാതി