എറണാകുളം: ഫിഷറീസ് സർവകലാശാല വിസി നിയമനത്തിനായി സ്വന്തം നിലയ്ക്ക് സെർച്ച് കമ്മിറ്റി രൂപീകരിച്ച ചാൻസലറായ ഗവർണറുടെ നടപടി സ്റ്റേ ചെയ്‌ത് ഹൈക്കോടതി. സെർച്ച് കമ്മിറ്റി രൂപീകരണത്തിന് എതിരായ സർക്കാരിൻ്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഹർജിയിൽ ഗവർണറും സർവകലാശാലയും മറുപടി നൽകണ്ടേതായിട്ട് വരും.
ഹർജി മൂന്നാഴ്‌ചയ്ക്ക് ശേഷം വീണ്ടും കോടതി പരിഗണിക്കും. ഹർജിയിൽ യുജിസിയെ കോടതി സ്വമേധയ കക്ഷി ചേർത്തിട്ടുണ്ട്. ജമ്മു കശ്‌മീർ കേന്ദ്ര സർവകലാശാല പ്രഫ. സഞ്ജീവ് ജെയ്ൻ, കൊച്ചിൻ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.പികെ അബ്‌ദുൽ അസീസ്, ഐഎസിഎആർ ഡെപ്യൂട്ടി ജനറൽ ഡയറക്‌ടർ ഡോ. ജെകെ ജീന എന്നിവരാണ് കുഫോസ് വിസി നിയമന സെർച്ച് കമ്മിറ്റിയിലെ അംഗങ്ങൾ.
സർവകലാശാല പ്രതിനിധികൾ ഇല്ലാതെ യുജിസിയുടെയും ചാൻസലറുടെയും പ്രതിനിധികളെ മാത്രം ഉൾപ്പെടുത്തിയാണ് കുഫോസ് അടക്കം ആറ് സർവകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരണത്തിനായി ഗവർണർ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാരിൻ്റെ ഹർജി.
Also Read: ഗുരുദേവ കോളജിലെ സംഘർഷം; പൊലീസ് നിരീക്ഷണം തുടരണമെന്ന് ഹൈക്കോടതി