എറണാകുളം: രവീന്ദ്രന്‍ പട്ടയക്കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. കേസില്‍ ആത്മാര്‍ഥമായ അന്വേഷണം നടന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി വിഷയത്തില്‍ സര്‍ക്കാര്‍ നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു. വ്യാജ പട്ടയ കേസുകൾ അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ ഉൾപ്പെടുത്തി അന്വേഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഉദ്യോഗസ്ഥർ പണം വാങ്ങിയോ എന്ന കാര്യങ്ങളും അന്വേഷിച്ച് വേണം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനെന്നും കോടതി പറഞ്ഞു. വ്യാജ പട്ടയക്കേസുകളില്‍ പലതിലും ഗൂഢാലോചന കുറ്റം മാത്രമാണോ ചുമത്തിയതെന്ന കോടതിയുടെ ചോദ്യത്തിന് കൂടുതൽ വകുപ്പുകൾ ചുമത്താൻ തെളിവുകളില്ലെന്ന് സർക്കാര്‍ മറുപടി നല്‍കി. സംശയത്തിന്‍റെ പുറത്ത് നടപടി സ്വീകരിക്കാനാകില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. കൂടാതെ 42 വ്യാജ പട്ടയ കേസുകളില്‍ നടപടി പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ അന്വേഷണത്തില്‍ കോടതി അസംതൃപ്‌തി പ്രകടിപ്പിച്ചു.
അതേസമയം മൂന്നാർ കയ്യേറ്റത്തിന്‍റെ പ്രത്യേക അന്വേഷണ സംഘത്തെ മൂന്നാഴ്ച്ചയ്ക്കുള്ളിൽ നിയോഗിക്കുമെന്നും സംഘത്തിൽ റവന്യൂ ഉദ്യോഗസ്ഥർ ഉണ്ടാകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. മൂന്നാറിന് പുറമെ വാഗമണ്ണിലും കയ്യേറ്റമുണ്ടായെന്ന് വ്യക്തമാക്കിയ കോടതി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം ഇല്ലാതെ കയ്യേറ്റം നടക്കില്ലെന്നും ചൂണ്ടിക്കാട്ടി.
ഏലം കുത്തകപ്പാട്ട ഭൂമിയിലെ നിർമാണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കോടതി നിര്‍ദേശിച്ചു. വ്യാജ പട്ടയക്കേസുകളിൽ സർക്കാരിനോട് നടപടി റിപ്പോർട്ട് ആവശ്യപ്പെട്ട കോടതി മൂന്നാർ കയ്യേറ്റവുമായി ബന്ധപ്പെട്ട ഹർജികൾ ഒരാഴ്‌ച്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി.
Also Read: മൂന്നാറിലെ രവീന്ദ്രൻ പട്ടയക്കേസുകളിൽ നടപടിയുമായി ഹൈക്കോടതി; സർക്കാരിനോട് വിശദീകരണം തേടി