എറണാകുളം : അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്‍റെ മൃതദേഹം മോർച്ചറിയിൽ തന്നെ സൂക്ഷിക്കണമെന്ന് ഹൈക്കോടതി. ഉന്നതാധികാരി തർക്കം സംബന്ധിച്ച വിഷയം പരിശോധിക്കുന്നതിൽ നിലപാടറിയിക്കാൻ സർക്കാരിന് കേടതി നിർദേശം. ലോറൻസിന്‍റെ മൃതശരീരം ഏറ്റെടുക്കാനുള്ള കളമശ്ശേരി മെഡിക്കൽ കോളജ് സമിതി തീരുമാനത്തിനെതിരായ മകൾ ആശയുടെ ഹർജിയിലാണ് കോടതി നടപടി.
എംഎം ലോറൻസിന്‍റെ മൃതശരീരം ഏറ്റെടുക്കുന്ന കാര്യവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാനായി കളമശ്ശേരി മെഡിക്കൽ കോളജ് പ്രിൻസിപ്പലടക്കം വിളിച്ചു ചേർത്ത ഹിയറിങ്ങിൽ അപാകതകളുണ്ടെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. ലോറൻസിന്‍റെ മൃതശരീരം ഏറ്റെടുക്കാനുള്ള മെഡിക്കൽ കോളജ് സമിതിയുടെ തീരുമാനത്തിനെതിരായ മകൾ ആശ ലോറൻസിന്‍റെ ഹർജി വ്യാഴാഴ്ച്ചത്തേക്ക് മാറ്റിയിട്ടുണ്ട്.
അതുവരെ ലോറൻസിന്‍റെ മൃതശരീരം മോർച്ചറിയിൽ തന്നെ സൂക്ഷിക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. പ്രിൻസിപ്പലിനെക്കാൾ ഉയർന്ന അധികാരി വിഷയം വീണ്ടും കേൾക്കുന്ന കാര്യത്തിൽ സർക്കാർ നിലപാട് വ്യാഴാഴ്ച്ചയ്ക്കകം വ്യക്തമാക്കാനും ഹൈക്കോടതി നിർദേശിച്ചു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർ വിഷയം പരിഗണിക്കുന്ന കാര്യത്തിലാണ് സർക്കാർ തീരുമാനം അറിയിക്കേണ്ടത്.
മെഡിക്കൽ കോളജ് സമിതിയുടെ ഹിയറിങ്ങിൽ മറ്റൊരു മകൾ സുജാത മൃതദേഹം വിട്ടു കൊടുക്കാനുള്ള സമ്മതം പിൻവലിച്ചുവെന്നും മൃതദേഹം ഏറ്റെടുക്കാനുള്ള മെഡിക്കൽ കോളജ് സമിതിയുടെ തീരുമാനം മുൻ വിധിയോടെയാണെന്നുമായിരുന്നുവെന്നാണ് ആശ ലോറൻസിന്‍റെ വാദം. പഠനാവശ്യത്തിനായി മൃതദേഹം വിട്ടുകൊടുക്കാനായി ലോറൻസ് പറഞ്ഞിരുന്നവെന്നതിൽ ആധികാരികപരമായി സംശയമുണ്ടെന്നും മകൾ ആരോപിച്ചിരുന്നു.
ലോറൻസിന്‍റെ മൃതശരീരം മതാചാര പ്രകാരം സംസ്‌കരിക്കാൻ വിട്ടു കിട്ടണം. മെഡിക്കൽ കോളജ് പ്രിൻസിപ്പലിനും സൂപ്രണ്ടിനും എതിരെ ക്രിമിനൽ നടപടി സ്വീകരിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മകൾ ആശയുടെ ഹർജി.