എറണാകുളം: കെഎസ്ആർടിസി പെൻഷൻ വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. ഇനിയൊരു ആത്മഹത്യയുണ്ടാകരുതെന്നും ദുഃഖകരമാണ് ഇത്തരം സംഭവങ്ങളെന്നും കോടതി പറഞ്ഞു. സർക്കാരിന് ഇക്കാര്യത്തിൽ ദുഃഖം തോന്നുന്നില്ലേയെന്നും ഹൈക്കോടതി ചോദിച്ചു.
കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ വിഷയവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ സർക്കാരിനെതിരായ വിമർശനം. എന്നാൽ കാട്ടാക്കടയിലെ വിരമിച്ച കെഎസ്ആർടിസി ജീവനക്കാരൻ ആത്മഹത്യ ചെയ്‌തത് പെൻഷൻ ലഭിക്കാതെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നായിരുന്നു സർക്കാരിന്‍റെ മറുപടി.
എന്നാല്‍ നാല് ആത്മഹത്യകൾ കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഓണമായതിനാൽ, സെപ്റ്റംബറിലെ പെൻഷൻ വൈകരുതെന്നും ഓർമ്മിപ്പിച്ചു. കെഎസ്ആർടിസി ജീവനക്കാരുടെ ജൂലൈയിലെ പെൻഷൻ വിതരണം ചെയ്‌തതായും ഓഗസ്റ്റിലെ പെൻഷൻ ഒരാഴ്‌ചയ്ക്കകം നൽകുമെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. തുടർന്ന് ഓഗസ്റ്റ് മാസത്തെ പെൻഷൻ ഉടൻ നൽകാൻ സർക്കാരിന് കോടതി നിർദേശം നൽകി.
Also Read: ബ്ലേഡുകാരുടെ ക്രൂര മർദനം; കെഎസ്ആർടിസി കണ്ടക്‌ടർക്ക് ദാരുണാന്ത്യം