എറണാകുളം: മസാല ബോണ്ട് ഇടപാട് കേസില്‍ തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടത് എന്തിനെന്ന് ബോധ്യപ്പെടുത്താൻ ഇഡിക്ക് ഹൈക്കോടതി നിർദേശം. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി നിരന്തരം സമന്‍സ് അയക്കുകയാണെന്ന് ചൂണ്ടിക്കാട്ടി തോമസ് ഐസക്ക് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. കിഫ്ബിയുടെ ഹർജിയും കോടതി പരിഗണിച്ചിരുന്നു.
വിഷയത്തില്‍ ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്ന് പറഞ്ഞ കോടതി ഏതെങ്കിലും ദിവസം ഹാജരാകാൻ സാധിക്കുമോയെന്ന് തോമസ് ഐസക്കിനോട് ആരാഞ്ഞു. ഇഡിയുടെ നടപടി സദുദ്ദേശ്യത്തോടെയല്ലെന്ന് ഐസക്കും ഇഡി അധികാര ദുർവിനിയോഗം നടത്തുകയാണെന്ന് കിഫ്ബിയും കോടതിയിൽ വാദിച്ചു. മസാല ബോണ്ടിറക്കിയത് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കാണെന്നും എല്ലാ കാര്യങ്ങളും ആർബിഐ അടക്കം സൂക്ഷ്‌മമായി പരിശോധിച്ചതാണെന്നും കിഫ്ബി വ്യക്തമാക്കി. മസാല ബോണ്ടിലൂടെ സമാഹരിച്ച പണം ഉപയോഗിച്ചതിന്‍റെ റിപ്പോർട്ടും ആർബിഐയ്ക്ക് നൽകിയിരുന്നു.
Also Read: മസാല ബോണ്ട് കേസ്: തോമസ് ഐസകിനെ പിന്തുണച്ച് കിഫ്ബി സിഇഒ ഹൈക്കോടതിയിൽ - KIIFB SUPPORT THOMAS ISSAC
മറ്റ് സംസ്ഥാനങ്ങളും മസാല ബോണ്ടിറക്കിയിട്ടുണ്ട്. പക്ഷേ കേരളത്തെ മാത്രം ഇഡി കേന്ദ്രീകരിക്കുന്നുവെന്നും കിഫ്ബി വാദമുയർത്തി. അതേസമയം മസാല ബോണ്ടിലൂടെ സമാഹരിച്ച പണം അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് മാത്രമല്ല കിഫ്ബി ഉപയോഗിച്ചതെന്ന് ഇഡി വാദമുന്നയിച്ചു. മസാല ബോണ്ടിലൂടെ സമാഹരിക്കുന്ന പണം ഉപയോഗിക്കുന്നതിന് ചട്ടങ്ങളുണ്ട്. അത്തരം ചട്ടങ്ങൾ കിഫ്ബി ലംഘിച്ചുവെന്നും ഇഡി കോടതിയിൽ ചൂണ്ടിക്കാട്ടി. കേസ് ചൊവ്വാഴ്‌ച (ഏപ്രില്‍ 10) വീണ്ടും പരിഗണിക്കും. അതുവരെ തത്‍സ്ഥിതി തുടരണമെന്നും കോടതി നിർദേശിച്ചു.