മലപ്പുറം: മാവോവാദികളെ നേരിടാന്‍ രൂപീകരിച്ച ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ പ്രത്യേക സ്‌ക്വോഡിലെ ഹവില്‍ദാര്‍ വെടിയേറ്റു മരിച്ച നിലയില്‍. വയനാട് പടിഞ്ഞാറത്തറ സ്വദേശി വിനീത് (36) ആണ് മരിച്ചത്. ഐആര്‍ബി ആദ്യ ബാച്ച് ഉദ്യോഗസ്ഥനാണ്. ഞായറാഴ്‌ച രാത്രി 8:30 ന് അരീക്കോട് ക്യാമ്പ് ഓഫീസിലെ കുളിമുറിയിലാണ് സംഭവം.
ശബ്‌ദം കേട്ടെത്തിയ സഹപ്രവര്‍ത്തകര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം അരീക്കോട് സ്വകാര്യ ആശുപത്രിയിൽ നിന്നും മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്‌റ്റമോർട്ടം നടത്തും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അവധി അപേക്ഷ പരിഗണിക്കാത്തതിലുള്ള മനോവിഷമം മൂലം സ്വയം വെടിയുതിര്‍ത്തതാണ് എന്നാണ് പ്രാഥമിക നിഗമനം. ക്യാമ്പില്‍ മുമ്പും ഉദ്യോഗസ്ഥര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. മുമ്പ് ഇകേ ക്യാമ്പില്‍ വനിതാ ഉദ്യോഗസ്ഥ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
ബറ്റാലിയനിലെ ക്രൂരതകളെക്കുറിച്ച് വിനീത് ബന്ധുവിന് സന്ദേശം അയച്ചിരുന്നു; സിദ്ദിഖ് എംഎൽഎ
ബറ്റാലിയനിലെ ക്രൂരതകളെക്കുറിച്ച് മരിക്കുന്നതിന് മുൻപ് വിനീത് ബന്ധുവിന് സന്ദേശം അയച്ചിട്ടുണ്ടെന്ന് ടി സിദ്ദീഖ് എംഎല്‍എ. വിനീത് അയച്ച സന്ദേശത്തിൽ അസി. കമാന്‍റന്‍റ് അജിത്തിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്നും ടി സിദ്ദീഖ് പറഞ്ഞു. വിനീതിന്‍റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
വിനീതിന്‍റെ മരണത്തിന് കാരണം ആഭ്യന്തര വകുപ്പ് ആണെന്നും ടി സിദ്ദീഖ് എംഎല്‍എ കുറ്റപ്പെടുത്തി. വലിയ സമ്മർദ്ദത്തിലാണ് കേരളത്തിലെ പൊലീസ് സേന പ്രവർത്തിക്കുന്നത്. ക്രൂരവും മനുഷ്യാവകാശ ലംഘനവുമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിനീതിന്‍റെ കുടുംബത്തിന്‍റെ സംരക്ഷണം അടക്കമുള്ള കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും എംഎല്‍എ വ്യക്തമാക്കി.