കോഴിക്കോട് : വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിന്‍റെ മൊഴിയെടുത്തു. കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസാണ് ഷമ മുഹമ്മദിൻ്റെ മൊഴി രേഖപ്പെടുത്തിയത്. കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എംകെ രാഘവന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നടത്തിയ പ്രസംഗത്തെത്തുടർന്നാണ് ഷമക്കെതിരെ കേസെടുത്തത്.
ബിജെപി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ക്രിസ്ത്യൻ, മുസ്ലിം പള്ളികള്‍ ഉണ്ടാകില്ലെന്നായിരുന്നു ഷമയുടെ പ്രസംഗം. മൊഴി രേഖപ്പെടുത്തിയ ശേഷം ഷമ മുഹമ്മദിന് നോട്ടിസ് നല്‍കി വിട്ടയച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോള്‍ അവർക്കു മുന്നിൽ ഹാജരാകണം എന്ന നിർദേശം നൽകിയാണ് ഷമയെ വിട്ടയച്ചത്.
അതേസമയം താൻ പറഞ്ഞ വാക്കുകള്‍ ഒരിക്കലും പിൻവലിക്കില്ലെന്ന് ഷമ മുഹമ്മദ് പറഞ്ഞു. ഭയമില്ല മാപ്പ് പറയില്ല, മാപ്പ് പറയാൻ സവർക്കറുടെ പാർട്ടിയല്ല തൻ്റെത്. മതസ്‌പർധ വളർത്തുന്ന കാര്യം ഒന്നും ചെയ്‌തിട്ടില്ലെന്നും ഷമ പറഞ്ഞു. ഇവിടെ കുറെ ആളുകള്‍ ഭയത്തില്‍ ജീവിക്കുന്നു. അവർക്ക് വേണ്ടിയാണ് സംസാരിച്ചത്. ബിജെപിക്കാരെ പറയുമ്പോള്‍ തന്നെ എന്തുകൊണ്ടാണ് പിണറായി സർക്കാർ കേസെടുക്കുന്നതെന്നും ഷമ ചോദിച്ചു.
മതസ്‌പർധ ഉണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചു എന്നാരോപിച്ച് തിരുവനന്തപുരം സ്വദേശി നല്‍കിയ പരാതിയിലാണ് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തത്. ഷമക്കെതിരായ കേസ് തീർത്തും രാഷ്ട്രീയ പ്രേരിതമാണെന്നാണ് യുഡിഎഫ് വാദം. കേസിനെ നിയമപരമായി നേരിടുമെന്നും യുഡിഎഫ് നേതൃത്ത്വം വ്യക്തമാക്കി.
ALSO READ : വിദ്വേഷ പ്രസംഗം; കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസെടുത്തു