പത്തനംതിട്ട : കെ പി റോഡിൽ അടൂര്‍ പട്ടാഴിമുക്കിലുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ച സംഭവത്തിൽ അപകടത്തിന്‍റെ ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അപകടത്തിൽ മരിച്ച അധ്യാപിക നൂറനാട് സ്വദേശി അനുജയുടെയും ചാരുംമൂട് സ്വദേശി ബസ് ഡ്രൈവർ ഹാഷിമിന്‍റെയും മൊബൈല്‍ ഫോണുകളിലെ വിവരങ്ങള്‍ ഫൊറൻസിക് പരിശോധനയിലൂടെ പുറത്തെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ഇതിനായി മൊബൈലുകള്‍ വിദഗ്‌ധ പരിശോധനയ്ക്ക് അയക്കും.
ഹാഷിമിന്‍റെ മൃതദേഹം ഇന്നലെ രാത്രി സംസ്‌കരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്‌റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം അനുജയുടെ സംസ്‌കാരം ഇന്ന് നടക്കും. സഹ അധ്യാപകർക്കൊപ്പം തിരുവനന്തപുരത്ത് വിനോദയാത്ര കഴിഞ്ഞു മടങ്ങുന്നതിനിടെ തുമ്പമണ്‍ സ്‌കൂളിലെ അധ്യാപികയായ അനുജയെ കാറില്‍ എത്തി ഹാഷിം നിർബന്ധിച്ചു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. എം സി റോഡിൽ ഏനാത്ത് കുളക്കടയില്‍ വച്ച് കാർ ബസിനു മുന്നിൽ നിർത്തി തടഞ്ഞാണ് ഹാഷിം അനുജയെ കാറിൽ കയറ്റി പോയത്. സഹ അധ്യാപകർ ചോദിച്ചപ്പോൾ കൊച്ചച്ഛന്‍റെ മകനാണെന്നാണ് അനുജ പറഞ്ഞത്.
എന്നാല്‍ ഇവരുടെ സൗഹൃദത്തെ കുറിച്ച് അറിവില്ലെന്നാണ് രണ്ടു വീട്ടുകാരും പറയുന്നത്. അതുകൊണ്ട് തന്നെ ഇരുവരുടെയും മരണത്തില്‍ ദുരൂഹത തുടരുകയാണ്. കാര്‍ മനഃപൂര്‍വം ട്രക്കിലിടിപ്പിച്ചതാണോ എന്ന സംശയത്തിലാണ് അടൂര്‍ പൊലീസ്. മരണത്തിലെ ദുരൂഹത നീക്കാന്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു. ശാസ്ത്രീയ പരിശോധനയിലൂടെ സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാവുമെന്നാണ് പൊലീസ് കരുതുന്നത്.
ഇതിനിടെ സംഭവത്തില്‍ പുറത്ത് വന്ന ദൃക്‌സാക്ഷികളുടെ പ്രതികരണം വീണ്ടും ദുരൂഹത വർധിപ്പിക്കുകയാണ്. കാർ ഓടുന്നതിനിടെ കാറിനുള്ളിൽ മല്‍പ്പിടിത്തം നടന്നതായി സംശയിക്കുന്നുവെന്ന് ദൃക്‌സാക്ഷികളില്‍ ഒരാളായ ഗ്രാമപഞ്ചായത്തംഗം ശങ്കർ മാധ്യമങ്ങളോട് പറഞ്ഞു. കാർ ഓടുന്നതിനിടെ അനുജ ഇരുന്ന ഭാഗത്തെ ഡോർ മൂന്ന് തവണ തുറന്നെന്നും ശരീരികമായി ഉപദ്രവിച്ചിരുന്നതായി സംശയം തോന്നിയെന്നും അദ്ദേഹം പറഞ്ഞു.
'ഞാനും സുഹൃത്ത് ഗോകുലും ഇന്നലെ (മാർച്ച് 29) രാത്രി കൊല്ലം വരെ പോയ ശേഷം അടൂർ വഴിയാണ് തിരികെ വന്നത്. അപകടത്തില്‍പ്പെട്ട കാറിനെ ന്യൂമാൻ സെൻട്രല്‍ സ്‌കൂളിന് സമീപത്ത് വച്ചാണ് ശ്രദ്ധയില്‍പ്പെട്ടത്. വേഗത്തിലായിരുന്ന കാറിന്‍റെ ഡോർ ഓടുന്നതിനിടെ മൂന്ന് തവണ തുറന്നു. ആ സമയത്ത് ആരുടേയോ കാല് പുറത്ത് വന്നിരുന്നു'വെന്ന് ഗ്രാമപഞ്ചായത്തംഗം പറഞ്ഞു. ശരീരികമായി ആരെയോ ഉപദ്രവിക്കുകയാണെന്ന് മനസിലായെന്നും, സ്‌കൂളിന് സമീപത്ത് വാഹനം നിർത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വാഹനത്തിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടി അവിടെ ഇറങ്ങി. ഇന്ന് (മാർച്ച് 30) രാവിലെ എഴുന്നേറ്റപ്പോഴാണ് ബാക്കി സംഭവത്തെക്കുറിച്ച് അറിയുന്നത്. വാഹനം ഡ്രൈവ് ചെയ്യുന്നയാളുടെ നിയന്ത്രണത്തില്‍ അല്ലായിരുന്നുവെന്നും ശങ്കർ സൂചിപ്പിച്ചു. ധാരളം പേർ കള്ളുകുടിച്ച് വാഹനം ഓടിക്കുന്ന സ്ഥലമാണിത്. അതുകൊണ്ടാണ് പൊലീസിനെ വിവരം അറിയിക്കാതിരുന്നത്. ഇനി പൊലീസിനെ അറിയിച്ചാലും അവർക്ക് എത്താൻ സാധിക്കില്ലായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കാർ തെറ്റായ ദിശയില്‍ എത്തി ലോറിയില്‍ ഇടിക്കുകയായിരുന്നെന്ന് അപകടം നടന്ന സ്ഥലത്തുണ്ടായിരുന്ന മറ്റൊരു ദൃക്‌സാക്ഷിയും പറഞ്ഞിരുന്നു.
അതേസമയം ഇരുവരുടെയും ബന്ധത്തെ കുറിച്ച് അറിയില്ലെന്ന് ഇരു വീട്ടുകാരും പറയുമ്പോഴും മരിച്ച അനുജയും ഹാഷിമും ഏറെ നാളായി അടുപ്പത്തിലായിരുന്നു എന്നാണ് വിവരം. ഇരുവരും തമ്മിലുള്ള സൗഹൃദം ബന്ധുക്കള്‍ അറിയുകയും അത് പിന്നീട് കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്‌തെന്നും വിവരമുണ്ട്.
നൂറനാട് തുമ്പമൺ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവർ ആയിരുന്നു ഹാഷിമെന്നും അനുജയും ഈ ബസിലാണ് സ്‌കൂളിൽ പോയിരുന്നതെന്നുമാണ് വിവരം. തിരുവനന്തപുരത്ത് ടൂർ പോയി വരുമ്പോൾ കുളക്കട എത്തുന്ന വിവരം ഹാഷിം അറിഞ്ഞത് അനുജയിൽ നിന്നാകുമെന്നതും, ബസിൽ നിന്നും ഇറങ്ങാൻ കൊച്ചച്ഛന്‍റെ മകൻ ആണെന്ന് അനുജ സഹ അധ്യാപകരോട് പറഞ്ഞത് ഇവർ തമ്മിൽ ഉണ്ടായിരുന്ന അടുത്ത ബന്ധത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും അധികൃതർ പറഞ്ഞു. ഇരുവരുടെയും ഫോണുകൾ ശാസ്ത്രീയ പരിശോധന നടത്തി വിവരങ്ങൾ പുറത്തെടുക്കുമ്പോൾ മാത്രമേ സംഭവത്തിൽ വ്യക്തത വരികയുള്ളുവെന്നും അവർ അറിയിച്ചു.