തൃശൂർ: ഇന്ന് ചിങ്ങമാസത്തിലെ തിരുവോണനാൾ. തിരുവോണ ദിനത്തിൽ കണ്ണനെ ദർശിക്കാൻ ഗുരുവായൂർ അമ്പലത്തിലെത്തി ആയിരങ്ങള്‍. തിരുവോണാഘോഷത്തിൻ്റെ ഭാഗമായി ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം, വിശേഷാൽ കാഴ്‌ച ശീവേലി ഉൾപ്പെടെയുള്ള ചടങ്ങുകളാണ് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രധാനമായുള്ളത്.
പുലർച്ചെ നാലരയ്ക്ക് ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആദ്യം ഓണപ്പുടവ സമർപ്പിച്ചു. തുടർന്ന് ദേവസ്വം ചെയർമാനും ഭരണസമിതി അംഗങ്ങളും ഭക്തരും ഓണപ്പുടവ സമർപ്പിച്ചു. ഉഷപൂജ വരെ ഭക്തജനങ്ങൾ ഭഗവാന് ഓണപ്പുടവ സമർപ്പിക്കുന്നത് തുടര്‍ന്നു. ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഒരു മണിക്കൂർ നീട്ടി നൽകി ദർശനസമയം ക്രമീകരിച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തിരുവോണത്തിന് പതിനായിരം പേർക്കുള്ള വിശേഷാൽ പ്രസാദ ഊട്ട് രാവിലെ 9ന് നടന്നു. ഉച്ചയ്ക്ക് 2 മണി വരെയാണ് പ്രസാദ ഊട്ട് ഉണ്ടാകുക. കാളൻ, ഓലൻ, പപ്പടം, പച്ചക്കൂട്ട് കറി, പഴം പ്രഥമൻ, മോര്, കായവറവ് , അച്ചാർ, പുളിയിഞ്ചി ഉൾപ്പെടെയുളള വിഭവങ്ങൾ ഉൾപ്പെടെയുള്ള ഊട്ട് അന്ന ലക്ഷ്‌മി ഹാളിലും അതിനോട് ചേർന്ന പന്തലിലുമാണ് നടന്നത്.
രാവിലെ നടന്ന കാഴ്‌ചശീവേലിയിൽ രാജശേഖരൻ, ചെന്താമരാക്ഷൻ, ബൽറാം ഉച്ചതിരിഞ്ഞുള്ള ശീവേലിക്ക് ഇന്ദ്ര സെൻ, വിനായകൻ, പീതാംബരൻ രാത്രി ശീവേലിക്ക് വിഷ്‌ണു, വിനായകൻ, പീതാംബരൻ എന്നീ ദേവസ്വം കൊമ്പൻമാർ കോലമേറ്റി. രാവിലെ കോട്ടപ്പടി സന്തോഷ് മാരാരും ഉച്ച കഴിഞ്ഞുള്ള ശീവേലിക്ക് ഗുരുവായൂർ ശശിമാരാരുമാണ് മേള പ്രമാണം വഹിച്ചത്. ഇത്തവണ ഓണാഘോഷത്തിന് 22 ലക്ഷം രൂപയുടെ അനുമതിയാണ് ഗുരുവായൂർ ദേവസ്വം ഭരണസമിതി അനുമതി നൽകിയിട്ടുള്ളത്.