തിരുവനന്തപുരം: കേരളത്തിന്‍റെ തലസ്ഥാന മണ്ഡലമാണെങ്കിലും തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ പ്രാദേശിക വികാരത്തിനുമപ്പുറം എപ്പോഴും നിറയുന്നത് സംസ്ഥാന താൽപ്പര്യവും വിശാലമായ ദേശീയ കാഴ്‌ചപ്പാടുമാണെന്ന് നിസംശയം പറയാം. തിരുവനന്തപുരം മണ്ഡലത്തെ ലോക്‌സഭയില്‍ പ്രതിനിധാനം ചെയ്‌തിട്ടുള്ള ആകെ എംപിമാരില്‍ 8 പേരും തിരുവനന്തപുരത്തിനു പുറത്തു നിന്നുള്ളവരായിരുന്നു എന്നതില്‍ നിന്നു തന്നെ തിരുവനന്തപുരത്തുകാരുടെ വിശാല മനസ്‌കത എത്രത്തോളമാണെന്ന് മനസിലാക്കാം.
1952 ലെ ഒന്നാം ലോക്‌സഭ തെരഞ്ഞടുപ്പില്‍ തിരുവനന്തപുരം അംഗീകരിച്ചത് തിരുവനന്തപുരം തീരദേശത്തിന്‍റെ പുത്രിയും തിരുവിതാംകൂറിന്‍റെ ഝാന്‍സി റാണിയെന്നറിയപ്പെട്ടിരുന്ന വനിതയുമായ ആനി മസ്‌ക്രീനായിരുന്നു. എന്നാല്‍ 1957 ല്‍ രണ്ടാം തവണ ലോക്‌സഭ ലക്ഷ്യമിട്ട് വീണ്ടും മത്സരത്തിനിറങ്ങിയ ആനി മസ്‌ക്രീന് നാലാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു.
സ്വാതന്ത്ര്യ സമര സേനാനിയും തമിഴ്‌നാട് കല്ലിടക്കുറിച്ചി സ്വദേശിയുമായ ഈശ്വരയ്യര്‍ക്കായിരുന്നു ജയം. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഈശ്വരയ്യരെ അന്ന് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി പിന്തുണച്ചു. അങ്ങനെ തിരുവനന്തുപത്തുക്കാരനല്ലാത്ത ഒരാള്‍ തിരുവനന്തപുരത്തു നിന്നു വിജയിച്ച് രണ്ടാം ലോക്‌സഭാംഗമായി ഡല്‍ഹിയിലേക്ക് ആദ്യമായി വണ്ടി കയറി.
1962 ല്‍ തിരുവിതാംകൂര്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസിന്‍റെ സ്ഥാപക സെക്രട്ടറിയായ പിഎസ് നടരാജപിള്ള കമ്മ്യൂണിസ്‌റ്റ് പാർട്ടി പിന്തുണയില്‍ വിജയിച്ചു. കര്‍മ്മം കൊണ്ട് അദ്ദേഹം തിരുവനന്തപുരത്തുകാരനായിരുന്നെങ്കിലും ജന്മം കൊണ്ട് അദ്ദേഹം തമിഴ്‌നാട്ടുകാരനായിരുന്നു. തമിഴ് പണ്ഡിതനും കവിയുമായ മനോന്മണീയം സുന്ദനനാര്‍പിള്ളയുടെ മകനായിരുന്നു പിഎസ് നടരാജപിള്ള.
1967 ല്‍ തിരുവനന്തപുരം വീണ്ടും തിരുവനന്തപുരം സ്വദേശിയെ തെരഞ്ഞെടുത്തു. സ്വാതന്ത്ര്യ സമര സേനാനിയും സോഷ്യലിസ്‌റ്റ് നേതാവുമായ പി വിശ്വഭംരനായിരുന്നു ആ തെരഞ്ഞെടുപ്പില്‍ ജയം. 1971 ല്‍ മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തെത്തി സിപിഎം പിന്തുണയുള്ള സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച സാക്ഷാല്‍ വികെ കൃഷ്‌ണമേനോന്‍ തലശ്ശേരി സ്വദേശിയായിരുന്നു. അന്ന് അദ്ദേഹത്തിനെതിരെ പിഎസ്‌പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡി ദാമോദരന്‍പോറ്റി കൊട്ടാരക്കര സ്വദേശിയായിരുന്നു.
1977 ല്‍ കോണ്‍ഗ്രസും സിപിഐയും ഒരുമിച്ചു മത്സരിച്ച തെരഞ്ഞെടുപ്പില്‍ വിജയിച്ചത് സിപിഐയുടെ തലമുതിര്‍ന്ന നേതാവും പന്തളം സ്വദേശിയുമായ എംഎന്‍ ഗോവിന്ദന്‍ നായര്‍. പരാജയപ്പെടുത്തിയത് തിരുവനന്തപുരം സ്വദേശിയും മുന്‍ തിരുവനന്തപുരം എംപിയുമായ പി വിശ്വംഭരനെയെന്നതാണ് കൗതുകം.
എന്നാല്‍ 1980 ല്‍ കളിമാറി. കോണ്‍ഗ്രസ് ബന്ധമുപേക്ഷിച്ച് ഇടതു മുന്നണിയിലെത്തിയ എംഎന്‍ ഗോവിന്ദന്‍ നായരെ തിരുവനന്തപുരത്തുകാരനായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എ നീലലോഹിത ദാസന്‍ നാടാര്‍ പരാജയപ്പെടുത്തി. 1984 ലാകട്ടെ തികച്ചും തിരുവനന്തപുരത്തുകാർ മാത്രമല്ല, അയല്‍വാസികള്‍ കൂടിയായ രണ്ടു പേര്‍ തമ്മിലായിരുന്നു പോരാട്ടം. സിറ്റിങ് എംപി എ നീലലോഹിത ദാസന്‍ നാടാരും പുതുമുഖമായ എ ചാള്‍സും. അപ്പോഴേക്കും നീലലോഹിതദാസന്‍ നാടാര്‍ കോണ്‍ഗ്രസ് വിട്ട് ഇടതു പാളയത്തിലെത്തിയിരുന്നു. കോണ്‍ഗ്രസ് കളത്തിലിറക്കിയ ചാള്‍സ്, നീലനെ അട്ടിമറിച്ച് വിജയത്തുടക്കമിട്ട് തിരുവനന്തപുരം വീണ്ടും തദ്ദേശീയരുടേതാക്കി. 1989ലും 1991ലും ചാള്‍സ് വിജയം ആവര്‍ത്തിച്ചു.
1996 ല്‍ ചാള്‍സ് പരാജയപ്പെട്ടെങ്കിലും മണ്ഡലം തിരുവനന്തപുരം സ്വദേശിക്കൊപ്പം നിന്നു. 1996 ലും മത്സരം തലസ്ഥാന വാസികള്‍ തമ്മിലായിരുന്നു. സിറ്റിങ് എംപി എ ചാള്‍സും സിപിഐ നേതാവ് കെവി സുരേന്ദ്രനാഥും. ഇരുവരും തലസ്ഥാന വാസികള്‍. മത്സര ഫലം വന്നപ്പോള്‍ ചാള്‍സ് ഔട്ട്. പക്ഷേ തിരുവനന്തപുരം ഔട്ടായില്ല. സുരേന്ദ്രനാഥ് തലസ്ഥാനത്തിന്‍റെ എംപിയായി ഡല്‍ഹിയിലെത്തി.
1996ല്‍ തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്നുള്ള പരാജയത്തിനു ശേഷം ഒരു തിരിച്ചു വരവിനു ശ്രമിക്കുകയായിരുന്ന കരുണാകരന്‍ തെരഞ്ഞെടുത്തത് തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തെയായിരുന്നു. സുരേന്ദ്രനാഥിനെ തോല്‍പ്പിച്ച് തൃശൂരില്‍ നിന്നെത്തിയ കരുണാകരന്‍ തിരുവനന്തപുരത്തിന്‍റെ എംപിയായി.
1999 ല്‍ തിരുവനന്തപുരത്തേറ്റുമുട്ടിയ ശിവകുമാറും കണിയാപുരം രാമചന്ദ്രനും തിരുവനന്തപുരത്തുകാരായിരുന്നു. 2004 ല്‍ പെരുമ്പാവൂരില്‍ നിന്നെത്തിയ മുന്‍ മുഖ്യമന്ത്രി പികെ വാസുദേവന്‍ നായര്‍, ശിവകുമാറിനെ പരാജയപ്പെടുത്തി തിരുവനന്തപുരത്തിന്‍റെ പാര്‍ലമെന്‍റ് പ്രതിനിധിയായി. 2005 ല്‍ പികെവിയുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി മത്സരിച്ച കണ്ണൂര്‍ സ്വദേശി പന്ന്യന്‍ രവീന്ദ്രനായിരുന്നു ജയം. 2009ല്‍ ഐക്യരാഷ്ട്ര സഭയില്‍ നിന്നെത്തിയ വിശ്വപൗരനും പാലക്കാട് സ്വദേശിയുമായി ശശിതൂരിന്‍റെ ഊഴമായി.
2014ും 2019ലും വിജയം ആവര്‍ത്തിച്ച തരൂര്‍ തുടര്‍ച്ചയായ നാലാമങ്കത്തിനാണിറങ്ങുന്നത്. ഇത്തവണ തിരുവനന്തപുരത്തു മത്സരിക്കുന്ന മൂന്നു പ്രധാന മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ തിരുവനന്തപുരത്തുകാരല്ല. അതിനാല്‍ ഇത്തവണ തിരുവനന്തപുരത്തു നിന്നാരു ജയിച്ചാലും അത് തലസ്ഥാന മണ്ഡലത്തിന്‍റെ അതിഥി പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന തെരഞ്ഞെടുപ്പ് വിജയമായിരിക്കും.