ഇടുക്കി : ഇടുക്കി വാഗമൺ വരയാട്ടുമെട്ടിൽ റവന്യൂ ഭൂമിയിലെ സ്വകാര്യ വ്യക്തിയുടെ കയ്യേറ്റം റവന്യൂ വകുപ്പിന്‍റെ നേതൃത്വത്തിൽ ഒഴിപ്പിച്ച് സർക്കാർ ബോർഡ് സ്ഥാപിച്ചു. ഏറെ വിനോദ സഞ്ചാര സാധ്യതകളുള്ള പ്രദേശമാണ് സ്വകാര്യവ്യക്തി കയ്യേറിയത്. വാഗമൺ വില്ലേജിൽ സർവേ നമ്പർ 185 ൽ പെട്ട ഭൂമിയിലാണ് കയ്യേറ്റം നടന്നത്.
വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തുന്ന പ്രദേശമാണിത്. വളരെ ഉയരം കൂടിയ മലമുകളിലെ വിനോദസഞ്ചാര സാധ്യത മുൻകൂട്ടി കണ്ടായിരുന്നു കയ്യേറ്റം. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വാഗമൺ വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ സ്ഥലത്ത് എത്തി കയ്യേറ്റം ഒഴിപ്പിക്കുകയായിരുന്നു. ഈ സ്ഥലം കയ്യേറി സ്വകാര്യവ്യക്തി നിർമാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇത് പൊളിച്ച് മാറ്റി സർക്കാർ ബോർഡ് സ്ഥാപിച്ചു.
സ്ഥലം കയ്യേറിയ സ്വകാര്യ വ്യക്തിയോട് ഇവിടെ നടത്തിയ നിർമാണ പ്രവർത്തനങ്ങൾ പൊളിച്ചുമാറ്റാൻ റവന്യൂ അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാതെ വന്നതോടെയാണ് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഒഴിപ്പിക്കാൻ നടപടികൾ സ്വീകരിച്ചത്. കയ്യേറിയ വ്യക്തിക്കെതിരെ കേരള ഭൂസംരക്ഷണ നിയമം പ്രകാരം നടപടി സ്വീകരിക്കാൻ വില്ലേജ് ഓഫിസർ പീരുമേട് തഹസിൽദാർക്ക് റിപ്പോർട്ടും നൽകി.
ചിന്നക്കനാലിലെ റിസോർട്ട് കയ്യേറിയ ഒരേക്കറിലധികം ഭൂമി ഒഴിപ്പിച്ചു : ചിന്നക്കനാലിൽ സർക്കാർ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിച്ചു. മിസ്‌റ്റി ഹിൽ റിസോർട്ട് കയ്യേറിയ ഒരേക്കർ ആറ് സെന്‍റ് ഭൂമിയാണ് ഒഴിപ്പിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിനെ സംബന്ധിച്ച് കഴിഞ്ഞ ദിവസം വന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. 67 പേരുടെ പേരിലുള്ള ഈ ഭൂമിയിൽ സർക്കാർ ഭൂമിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ഭൂമി ഏറ്റെടുക്കാൻ 2007ല്‍ അന്നത്തെ ജില്ല കലക്‌ടർ ഉത്തരവിട്ടെങ്കിലും കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഉത്തരവ് വന്നത്. ചിന്നക്കനാല്‍ വില്ലേജില്‍ 524,525,527 എന്നീ സർവേ നമ്പറുകളില്‍പ്പെട്ട സ്ഥലമാണ് ഏറ്റെടുക്കാൻ ഉത്തരവായത്. മൂന്നാർ സ്‌പെഷ്യല്‍ ട്രിബൂണല്‍ രൂപീകരിച്ചപ്പോള്‍ മുതല്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നിയമയുദ്ധം ആരംഭിച്ചിരുന്നു.
ട്രിബൂണലിന്‍റെ നിർദേശപ്രകാരം താലൂക്ക് സർവെയർ ഭൂമി അളന്ന് റിപ്പോർട്ടും രേഖയും സമർപ്പിക്കുകയും ചെയ്‌തിരുന്നു. അനധികൃതമായി ഭൂമി കയ്യേറിയിട്ടുണ്ടെന്നും അതില്‍ നിർമിച്ചിട്ടുള്ള കെട്ടിടത്തിന്‍റെ ഭാഗങ്ങളും സംരക്ഷണ ഭിത്തി ഉള്‍പ്പെടെയുള്ളതെല്ലാം പൊളിച്ച് നീക്കണമെന്നും ട്രിബൂണല്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മോഹൻ കുമാർ എന്നയാളുടെ നേതൃത്വത്തില്‍ ഹൈക്കോടതിയില്‍ ഹർജി ഫയല്‍ ചെയ്യുകയായിരുന്നു.
എന്നാല്‍ രേഖകള്‍ പരിശോധിച്ച കോടതി 1.06 ഏക്കർ ഭൂമി ഭൂമി ഒഴിപ്പിക്കാനാണ് ഉത്തരവിട്ടത്. രാഷ്ട്രീയ പ്രതിനിധികളുടെയും ഉദ്യോഗസ്ഥന്മാരുടെയും സഹായത്തോടെ റിസോർട്ട് മാഫിയ കയ്യേറിയ കോടികള്‍ വിലമതിക്കുന്ന സ്ഥലം നീണ്ട കാലത്തെ നിയമ യുദ്ധത്തിനൊടുവിലാണ് ഹൈക്കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്.
ALSO READ : പ്ലാസ്‌റ്റിക് ഷെഡിനുള്ളിൽ ദുരിത ജീവിതം; കൈയൊഴിഞ്ഞ് പഞ്ചായത്തധികൃതരും