തിരുവനന്തപുരം : എഡിജിപി എം ആർ അജിത് കുമാർ ആർഎസ്‌എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. ആർഎസ്‌എസ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയ സംഭവത്തിൽ അന്വേഷണം നടത്താനാണ് നിർദേശം. സംഭവത്തിൽ ഡിജിപി ഷെയ്ഖ് ധർവേഷ് സാഹിബിനോടാണ് അന്വേഷണം നടത്താൻ നിർദേശിച്ചത്.
സംഭവത്തിൽ ആർഎസ്എസ് നേതാവും എഡിജിപിയുടെ സുഹൃത്തുമായ ജയകുമാറിന്‍റെ മൊഴി രേഖപ്പെടുത്തും. ഇതിനായി ജയകുമാറിന് ഇന്നലെ പൊലീസ് നോട്ടിസ് നൽകിയതായാണ് വിവരം. എഡിജിപിയുമായി കൂടിക്കാഴ്‌ച നടത്തിയവരുടെ മൊഴിയും രേഖപ്പെടുത്തും.
എഡിജിപിയും ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്‌ചയിൽ അന്വേഷണം നടത്തുമെന്ന് നേരത്തെ ഇടതു മുന്നണി യോഗത്തിൽ മുഖ്യമന്ത്രി ഉറപ്പു നൽകിയിരുന്നെങ്കിലും 20 ദിവസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്. എഡിജിപിയുടെ കൂടിക്കാഴ്‌ചയിൽ നടപടി ആവശ്യപ്പെട്ട് സിപിഐയും പരസ്യമായി രംഗത്ത് വന്നതോടെ സർക്കാർ പ്രതിരോധത്തിലാവുകയായിരുന്നു. സിപിഐ മുഖപത്രമായ ജനയുഗത്തിൽ മുതിർന്ന നേതാക്കൾ ഉൾപ്പെടെ വിഷയത്തിൽ അന്വേഷണം നടത്താത്ത സർക്കാർ സമീപനത്തിനെതിരെ വിമർശനം ശക്തമാക്കിയിരുന്നു. സർക്കാരും മുന്നണിയും പ്രതിരോധത്തിലായതോടെയാണ് ഇപ്പോൾ കൂടിക്കാഴ്‌ച പരിശോധിക്കാൻ നിർദേശം നൽകിയത്.
ദത്താത്രേയ ഹൊസബലെയുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാർ കൂടിക്കാഴ്‌ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനായിരുന്നു ആദ്യം ആരോപണം ഉന്നയിച്ചത്. 2023 മെയ് 22ന് നടന്ന കൂടിക്കാഴ്‌ചയ്ക്ക് 10 ദിവസങ്ങൾക്കു ശേഷം തിരുവനന്തപുരം കോവളത്ത് നടന്ന ഇന്ത്യ ടുഡേയുടെ കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ ആർഎസ്എസ് നേതാവ് റാം മാധവുമായി എം ആർ അജിത് കുമാർ വീണ്ടും കൂടിക്കാഴ്‌ച നടത്തി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
രണ്ടു വ്യവസായികളോടൊപ്പമായിരുന്നു അജിത് കുമാർ റാം മാധവിനെ കണ്ടതെന്ന് പിന്നീട് പൊലീസ് റിപ്പോർട്ടും നൽകിയിരുന്നു. സംഭവത്തിൽ അജിത് കുമാറിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു അവസാനം നടത്തിയ വാർത്താസമ്മേളനത്തിലും മുഖ്യമന്ത്രി സ്വീകരിച്ചത്. എന്നാൽ തൃശൂർ പൂരം നടത്തിപ്പിൽ എഡിജിപി എം ആർ അജിത് കുമാറിന് വീഴ്‌ചയുണ്ടായെന്ന് ഡിജിപി ഷെയ്ഖ് ധർവേഷ് സാഹിബ് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ച ശേഷമാണ് ഇപ്പോൾ ആർഎസ്എസ് നേതൃത്വവുമായുള്ള കൂടിക്കാഴ്‌ചയിലും അന്വേഷണത്തിനുള്ള സർക്കാർ നിർദേശം.
Also Read: അന്‍വറിനെ തള്ളി, പി ശശിയ്‌ക്കും എഡിജിപിയ്‌ക്കും ഒപ്പം മുഖ്യമന്ത്രി