തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിലെ സീനിയർ നഴ്‌സിങ്ങ് ഓഫീസറായ അനിത പി ബിക്ക് പുനർനിയമനം നൽകി കൊണ്ട് സർക്കാർ ഉത്തരവ്. ഹൈക്കോടതി നിർദേശം വന്നതിന് ശേഷം അഞ്ചാം ദിവസമാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർ തോമസ് മാത്യു ഉത്തരവിറക്കിയത്. രാത്രി 8:29 നാണ് ഉത്തരവിറക്കിയത്. അനിതയെ ഏപ്രിൽ ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളജിൽ തിരികെ പ്രവേശിപ്പിക്കണമെന്നാണ് അന്ന് തന്നെ ഹൈക്കോടതി ഉത്തരവിട്ടത്. ഇതുമായി 4 ദിവസമായി അനിത എത്തുന്നുണ്ടെങ്കിലും ജോലിയിൽ പ്രവേശിപ്പിച്ചിരുന്നില്ല.
കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയുവിൽ 2023 മാർച്ച് 18 ന് ശസ്ത്രക്രിയ കഴിഞ്ഞ് അർധബോധാവസ്ഥയില്‍ ഇരിക്കെയാണ് ജീവനക്കാരൻ യുവതിയെ പീഡിപ്പിച്ചത്. പരാതി നൽകിയ യുവതിയെ മൊഴി മാറ്റിക്കാൻ 6 വനിതാ ജീവനക്കാർ ഭീഷണിപ്പെടുത്തിയ സംഭവം അനിത അധികൃതർക്ക് റിപ്പോർട്ട് ചെയ്‌തിരുന്നു. തുടർന്ന് 6 വനിത ജീവനക്കാരെയും സസ്പെൻഡ് ചെയ്‌തു.
പ്രത്യേക അന്വേഷണ സമിതിക്കും പൊലീസിനും മുൻപിൽ ഭീഷണി സ്ഥിരീകരിച്ച് മൊഴി നൽകിയ അനിതയെയും ചീഫ് നഴ്‌സിങ് ഓഫിസർ, നഴ്‌സിങ് സൂപ്രണ്ട് എന്നിവരെയും സ്ഥലം മാറ്റി. അനിത ഒഴികെയുള്ളവർക്ക് അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്ന് സ്‌റ്റേ ലഭിക്കുകയും അവർ തിരികെ ജോലിയിൽ കയറുകയും ചെയ്‌തു. എന്നാല്‍ അനിതയ്ക്കു നിയമനം നൽകാൻ കോഴിക്കോട്ട് ഒഴിവില്ല എന്നായിരുന്നു സർക്കാർ വാദം. മറ്റൊരാൾക്ക് അതിനോടകം കോഴിക്കോട്ട് നിയമനം നൽകി. തുടർന്നാണ് അനിത ഹൈക്കോടതിയെ സമീപിച്ചത്.
അനിതയെ കുറ്റവിമുക്തയാക്കിയ കോടതി, സർവീസ് റെക്കോർഡിൽ ഇക്കാര്യങ്ങൾ രേഖപ്പെടുത്തരുതെന്നും നിർദേശിച്ചു. 5 ജീവനക്കാരുടെ പേരെഴുതി നൽകിയതിന് യൂണിയൻ നേതാവ് അനിതയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതെക്കുറിച്ചും അനിത പ്രിൻസിപ്പലിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. വിഷയം പ്രതിപക്ഷം സർക്കാരിനെതിരെ പ്രചരണായുദ്ധമാക്കുന്നതിനിടെയാണ് ഇപ്പോൾ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർ തന്നെ ഉത്തരവിറക്കിയിരിക്കുന്നത്.
Also Read: അനീതിയുടെ ആറാം ദിനം; നീതി നിഷേധത്തിനെതിരെ അതിജീവിതയുടെ കണ്ണ് കെട്ടി സമരം