തിരുവനന്തപുരം : രാജ്യ സുരക്ഷയ്ക്ക് ഭീഷണിയായേക്കാവുന്ന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ മറച്ചുവയ്‌ക്കുകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിലെ ദേശവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രസ്‌താവനകളിൽ വ്യക്തത തേടി അയച്ച കത്തിന് മുഖ്യമന്ത്രിയുടെ മറുപടിയിൽ ഗവർണർ അതൃപ്‌തി രേഖപ്പെടുത്തി.
രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങളെ സംബന്ധിച്ച ഏത് വിവരവും ഇന്ത്യൻ രാഷ്‌ട്രപതിയേയും കേന്ദ്ര സർക്കാരിനെയും അറിയിക്കേണ്ടത് തന്‍റെ കടമയാണെന്നും ഗവർണർ പറഞ്ഞു. മുഖ്യമന്ത്രി പരാമർശിച്ച മുഖ്യമന്ത്രി തന്നെ നടത്തിയ വാർത്ത സമ്മേളനത്തിലെ പ്രസ്‌താവനയാണ് തന്‍റെ ആശങ്കയ്ക്ക് കാരണമായതെന്നും ഗവര്‍ണര്‍ വിശദീകരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പ്രസ്‌താവന ഗൗരവമുള്ളതായി കണ്ടതിനാൽ മുഖ്യമന്ത്രിയോട് വിശദീകരണം തേടിയെങ്കിലും അദ്ദേഹം കത്ത് അവഗണിച്ചുവെന്നും അത് അംഗീകരിക്കുക പോലും ചെയ്‌തില്ലെന്നും ഗവർണർ പറഞ്ഞു. 27 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ഗവർണറുടെ കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയത്. തന്‍റെ പ്രസ്‌താവനയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് പരാമർശിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞത്.
അതേസമയം, ദേശീയ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുകയും നികുതി നഷ്‌ടം ഉണ്ടാക്കുകയും ചെയ്യുന്ന സ്വർണ കള്ളക്കടത്ത് പോലുള്ള കുറ്റകൃത്യങ്ങൾ രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങളായി കണക്കാക്കണമെന്ന് മുഖ്യമന്ത്രി കത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ പ്രതികരണം വൈരുധ്യം നിറഞ്ഞതും അപര്യാപ്‌തവുമാണെന്ന് ഗവർണർ വിമർശിച്ചു.
രാജ്ഭവൻ സന്ദർശിക്കുന്നതിൽ നിന്ന് ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി വിലക്കിയിരിക്കുകയാണെന്നും ഗവർണർ ആരോപിച്ചു. മുഖ്യമന്ത്രിയുടെ സെക്രട്ടറി മൂന്ന് വർഷം മുമ്പ് സ്വർണക്കടത്ത് കേസിൽ ഉള്‍പ്പെട്ടിരുന്നു എന്നും ഇത് കൂടുതൽ സംശയം ജനിപ്പിക്കുന്നു എന്നും ഗവര്‍ണര്‍ പറഞ്ഞു.