തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ തകര്‍ത്തെറിഞ്ഞ വയനാടിന്‍റെ പുനര്‍നിര്‍മാണത്തിനായുള്ള സാലറി ചലഞ്ചിനുള്ള നിലപാടില്‍ നിന്നും പിൻവാങ്ങി സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ചില്‍ സമ്മതപത്രം നൽകാത്തവരിൽ നിന്നും ശമ്പളം പിടിക്കില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ജീവനക്കാര്‍ പിഎഫ് വായ്‌പയ്‌ക്കായി അപേക്ഷ സമര്‍പ്പിക്കുന്നതിന് തടസമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സര്‍ക്കാര്‍ ജീവനക്കാരോട് അഞ്ച് ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനായിരുന്നു നിര്‍ദേശം. ഐഎംജിയും കെഎസ്ഇബിയും എല്ലാ ജീവനക്കാരിൽ നിന്നും ശമ്പളം പിടിക്കുമെന്ന് അറിയിച്ച് സര്‍ക്കുലറും പുറത്തിറക്കിയിരുന്നു. ഇതില്‍ പ്രതിഷേധമുയര്‍ന്നതോടെയാണ് സാലറി ചലഞ്ചില്‍ സര്‍ക്കാരിന്‍റെ വിശദീകരണം.
അതേസമയം, വയനാട്ടിൽ ഉരുൾപൊട്ടലിൽ നാശനഷ്‌ടമുണ്ടായ പ്രദേശങ്ങളിലെ എല്ല റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യാൻ കേരള മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഓണക്കിറ്റിൽ 13 ഇനം സാധനങ്ങൾ ഉണ്ടാകും. സംസ്ഥാനത്തൊട്ടാകെയുള്ള അന്ത്യോദയ അന്നയോജന കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു. ഉരുൾപൊട്ടലിൽ നേരിട്ട് നാശനഷ്‌ടമുണ്ടായ 379 കുടുംബങ്ങൾക്ക് 10,000 രൂപ വീതം അടിയന്തര ധനസഹായം ലഭ്യമാക്കിയതായി ഓഗസ്റ്റ് 14ന് കേരള മന്ത്രിസഭ ഉപസമിതി അറിയിച്ചിരുന്നു.