ഇടുക്കി: ഇടുക്കിയിലെ രാജാക്കാടിൽ മീനച്ചൂടില്‍ പൂത്തുലഞ്ഞ് കണിക്കൊന്നകൾ. മേടപ്പുലരിയില്‍ പൂവിട്ട് നിൽക്കുന്ന കണിക്കൊന്ന ഇടുക്കി ജില്ലയിലേക്ക് എത്തുന്ന സഞ്ചാരികളെയും ആകര്‍ഷിക്കുകയാണ്. ഫലമൂലാദികള്‍ക്കൊപ്പം മഞ്ഞവിരിച്ച കൊന്നപ്പൂവ് കൂടി ഉള്‍പ്പെടുമ്പോഴാണ് മലയാളികളുടെ വിഷുക്കണി പൂര്‍ണമാവുക.
കണ്ണില്‍നിന്ന് മാഞ്ഞു പോകാനാകാത്ത പൊന്‍കിനാക്കള്‍ പോലെയാണ് പൂത്തുനില്‍ക്കുന്ന സംസ്ഥാന പുഷ്‌പം. പൂങ്കുലകള്‍ നിറയുന്ന പൂമരമായി മാറിയാണ് കണിക്കൊന്ന വേനലിനെ വരവേല്‍ക്കുക. മീനത്തിലെ കടുത്ത വേനലിനെ അതിജീവിക്കാന്‍ കണിക്കൊന്നയിലുണ്ടാകുന്ന രാസമാറ്റങ്ങളാണ് ഇതിനുപിന്നില്‍.
ഇലകളിലെ സുശിരങ്ങള്‍ വഴിയുള്ള ജലനഷ്‌ടം കുറയ്ക്കാന്‍ ഇലകളെ പരമാവധി കൊഴിച്ചും പകരം പൂക്കളെ അണിനിരത്തിയുമാണ് കാണിക്കൊന്ന വേനലിനെ സൗമ്യമായി നേരിടുന്നത്. ഫെബ്രുവരി അവസാനവാരം മുതല്‍ ഹൈറേഞ്ചില്‍ കണിക്കൊന്നകള്‍ പൂവിട്ടു തുടങ്ങിയിരുന്നു. ഒരു തണല്‍മരമോ അലങ്കാരവൃക്ഷമോ എന്നതിലുപരി ഔഷധഗുണം ഏറെയുള്ള ചെറുവൃക്ഷമാണ് കണിക്കൊന്ന.
ത്വക്ക് രോഗങ്ങളുടെ ശമനത്തിനുള്ള ഔഷധങ്ങളുടെ ഗണത്തിലാണ് ആയുര്‍വേദം കണിക്കൊന്നയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കടുത്ത വേനലിലും മലയോരമേഖലയിൽ കണ്ണിന് കുളിർമയേകുന്ന ഈ വസന്തം സഞ്ചാരികളെയും ആകര്‍ഷിക്കുകയാണ്.