കാസർകോട് : വീടിനുള്ളിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന കേസിൽ പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി, വി.വി ലതീഷ് ആണ് അന്വേഷണ തലവൻ. കുട്ടിയുടെ വീടും പരിസരവും അടുത്തറിയുന്ന ആളായിരിക്കാം പ്രതിയെന്നും മറ്റ് സാധ്യതകളും പരിശോധിക്കുമെന്നും ജില്ല പൊലീസ് മേധാവി പി ബിജോയ് പറഞ്ഞു. പ്രദേശവാസികളുടെ പങ്കും അന്വേഷണ പരിധിയിൽ ഉണ്ട്.
നിലവിൽ പോക്സോ, തട്ടിക്കൊണ്ടുപോകൽ വകുപ്പുകൾ ആണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. ആവശ്യമെങ്കിൽ പ്രതിയുടെ രേഖാചിത്രം അടക്കം തയ്യാറാക്കുമെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു. അതേസമയം കണ്ണൂർ ഡിഐജിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം യോഗം ചേർന്നിരുന്നു. കാസർകോട്, കാഞ്ഞങ്ങാട് മുൻ ഡിവൈഎസ്‌പിമാരുടെയും സഹായം തേടിയിട്ടുണ്ട്. ഇവരെ ഉൾപ്പെടുത്തി ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം നടന്നു.
അക്രമി മലയാളിയാണെന്ന് കുട്ടിയുടെ മൊഴിയിൽ നിന്ന് സൂചന ലഭിച്ചിട്ടുണ്ട്. സംശയം തോന്നിയവരെ ചോദ്യം ചെയ്‌ത് വരികയാണ്. നിലവിൽ ആരും കസ്‌റ്റഡിയിൽ ഇല്ലെന്നാണ് സൂചന. കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നെന്ന മെഡിക്കൽ റിപ്പോർട്ട് ഇന്നലെ പുറത്ത് വന്നിരുന്നു. പെൺകുട്ടി നിലവിൽ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിക്ക് കണ്ണിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. എന്നാൽ ഗുരുതരമല്ല.
പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ ബുധനാഴ്‌ച പുലർച്ചെ രണ്ടരയോടെയാണ് തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയത്. മുത്തച്ഛന്‍ പശുവിനെ കറക്കാൻ പോയപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വായ പൊത്തിപ്പിടിച്ചാണ് അക്രമി തന്നെ വീട്ടില്‍ നിന്നും കൊണ്ടുപോയതെന്ന് ഇരയായ പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട് . ഒച്ചവച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ കൊണ്ടുപോയത്. മലയാളം സംസാരിക്കുന്നയാളാണെന്നും മാസ്‌ക് ധരിച്ചിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
വീടിന്‍റെ മുന്‍ വാതിലിലൂടെയാണ് അക്രമി അകത്തേക്ക് പ്രവേശിച്ചതെന്നാണ് പൊലീസ് നിഗമനം. കുട്ടിയുടെ മുത്തച്ഛന്‍ പുലര്‍ച്ചെ പശുവിനെ കറക്കാന്‍ പുറത്തേക്ക് ഇറങ്ങിയതിന് ശേഷമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വീടിന്‍റെ മുന്‍ വാതില്‍ തുറന്നാണ് പശുവിനെ കറക്കാന്‍ പോയതെന്നും പശുവിനെ കറന്ന് തിരിച്ചുവന്നപ്പോള്‍ കുട്ടിയെ കാണാനില്ലായിരുന്നുവെന്നും മുത്തച്‌ഛന്‍ പറഞ്ഞു. അടുക്കള വാതിലും തുറന്നുകിടക്കുകയായിരുന്നു. തട്ടിക്കൊണ്ടു പോയ കുട്ടിയെ നാല് വീട് അപ്പുറം ഉപേക്ഷിച്ചതിന് ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നുവെന്നും മുത്തച്‌ഛന്‍ പറഞ്ഞു.
കവര്‍ച്ചയ്‌ക്ക് പിന്നാലെ വഴിയില്‍ ഉപേക്ഷിക്കപ്പെട്ട പെണ്‍കുട്ടി തൊട്ടടുത്ത വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയില്‍ നിന്ന് പിതാവിന്‍റെ മൊബൈല്‍ നമ്പര്‍ വാങ്ങിയ കുടുംബം ഫോണില്‍ ബന്ധപ്പെട്ടു. വിവരം അറിഞ്ഞ ഉടന്‍ തന്നെ കുടുംബാംഗങ്ങൾ സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.