ഇടുക്കി: കുമളിയില്‍ ആറ് വയസുകാരിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇതര സംസ്ഥാനത്ത് നിന്നുള്ള പെണ്‍കുട്ടിയെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് (ഫെബ്രുവരി 26) ഉച്ചയ്‌ക്ക് ശേഷം 3 മണിയോടെയാണ് മുരുക്കടിയ്ക്ക് സമീപം പത്തുമുറി ഭാഗത്ത് പെണ്‍കുട്ടി അലഞ്ഞ് തിരിയുന്നതായി കണ്ടെത്തിയത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പെണ്‍കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയെങ്കിലും ഭാഷ മനസിലാക്കാനായില്ല. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. ഉടന്‍ തന്നെ കുമളി പൊലീസ് സ്ഥലത്തെത്തി കുട്ടിയെ ഏറ്റെടുത്തു.
ഭാഷ മനസിലാകാത്തത് കൊണ്ട് മാതാപിതാക്കളെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കുട്ടിയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കിയതിന് ശേഷം ആനാവിലാസത്തെ ബാലിക ഭവനിലേക്ക് മാറ്റി. സംഭവത്തില്‍ കുട്ടിയെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ് പൊലീസ്.