തൃശൂര്‍: കോഴിക്കൂട്ടിൽ കടന്ന ഭീമൻ പാമ്പ് മൂന്ന് കോഴികളെ അകത്താക്കി. പീച്ചി തെക്കേക്കുളം നാങ്ങൂർ വീട്ടിലെ മുരളിയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് മലമ്പാമ്പ് കടന്നുകൂടിയത്. കഴിഞ്ഞ ദിവസം രാത്രി കോഴിക്കൂട് അടയ്ക്കാൻ എത്തിയ മുരളിയാണ് കൂടിനകത്ത് കോഴികളുടെ കരച്ചിൽ കേട്ടത്. തുടർന്ന് ടോർച്ച് അടിച്ചു നോക്കിയപ്പോഴാണ് കൂടിനകത്ത് മലമ്പാമ്പ് സ്ഥലം പിടിച്ചിരിക്കുന്നത് കാണുന്നത്. അപ്പോഴെക്കും കൂടിനകത്തെ മൂന്ന് കോഴികളെ പാമ്പ് അകത്താക്കിയിരുന്നു.
തുടർന്ന് വനം വകുപ്പിനെ അറിയിച്ചു. പീച്ചിയിലെ വനം വകുപ്പ് ജീവനക്കാരനായ നാരായണൻ എത്തി കോഴിക്കൂട്ടിൽ നിന്നും പാമ്പിനെ പിടികൂടി. പാമ്പിന് ഏകദേശം ആറു വയസ് പ്രായവും എട്ടടി നീളവും 23 കിലോ ഭാരവും ഉള്ളതായി നാരായണൻ പറഞ്ഞു.