ഇടുക്കി : കൊടും വരള്‍ച്ചയില്‍ കരിഞ്ഞുണങ്ങിയ ഏലച്ചെടികളില്‍ നിന്നും ഒരു കൗതുക കാഴ്‌ച. കട്ടപ്പന നരിയംപാറ വിനോദ് ഭവനില്‍ വിനോദിന്‍റെ കൃഷിയിടത്തിലാണ് ഇത്. ഏപ്രില്‍ മാസത്തെ കൊടും ചൂടില്‍ വിനോദിന്‍റെ ഏലത്തോട്ടം മുഴുവന്‍ ഉണക്ക് ബാധിച്ച് കരിഞ്ഞുണങ്ങിയിരുന്നു. ഒരാഴ്‌ചയായി മഴ ലഭിക്കുന്നുണ്ടെങ്കിലും ഉണങ്ങി വീണ ഏലത്തട്ടകള്‍ കൂടുതല്‍ നശിക്കുകയാണ് ഉണ്ടായത്.
കൃഷി നശിച്ചതിന്‍റെ വേദനയിലാണ് എല്ലാ ദിവസവും വിനോദ് തോട്ടത്തിലെത്തിയിരുന്നത്. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ്, വീണു കിടക്കുന്ന ഏലത്തട്ടകളില്‍ ചെറിയ കൂണുകള്‍ വളരുന്നതായി കണ്ടു. ആദ്യം അത് അത്ര കാര്യമാക്കിയില്ലെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ കൂണുകളുടെ എണ്ണം കൂടുകയും വലിപ്പം അസാധാരണമാം വിധം വര്‍ധിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടു.
പത്ത് ദിവസം കഴിഞ്ഞ് നോക്കിയപ്പോഴാണ് കൂണ് വളര്‍ന്ന് വലുതായി നിൽക്കുന്നത് വിനോദ് കണ്ടത്. കരിഞ്ഞുണങ്ങിക്കിടന്ന രണ്ട് ഏലത്തണ്ടുകളില്‍ നിന്നാണ് ഗുഹ പോലെ കൂണ്‍ വളര്‍ന്ന് പൊങ്ങിയത്. ഭീമൻ കൂണുകൾ കാണാനെത്തിയവര്‍ക്കും അത്‌ഭുതമായി. നിരവധി ആളുകളാണ് ഈ കൗതുക കാഴ്‌ച കാണാന്‍ ഇവിടേക്ക് എത്തുന്നത്. കൊടും വേനലില്‍ കൃഷി നശിച്ചതിന്‍റെ നിരാശയിലിരിക്കെയാണ് കൃഷിയിടത്തില്‍ നിന്നും മനസിന് കുളിര്‍മയേകുന്ന ഈ കാഴ്‌ച.
ALSO READ : തീപ്പെട്ടിക്കൊള്ളി കൊണ്ട് ലോകാത്ഭുതങ്ങൾ; ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്നും ലോകം അറിയപ്പെടുന്ന കലാകാരനിലേക്ക്