കാസർകോട്: ജർമനിയിൽ നിന്നും കാരവനിലും, മോടിപിടിപ്പിച്ച പിക്ക് അപ്പ് വാഹനത്തിലുമായി രണ്ട് കുടുംബങ്ങള്‍ ലോകം ചുറ്റാൻ ഇറങ്ങി. ഒരേ നഗരത്തിൽ നിന്നാണ് വന്നതെങ്കിലും ഇന്ത്യയിൽ വച്ചാണ് ഇവര്‍ കണ്ടുമുട്ടിയത്. പരിചയപ്പെട്ട് തുടർന്നുള്ള യാത്ര പിന്നീടങ്ങോട്ട് ഒന്നിച്ചാക്കി.
രണ്ട് വിദേശ കുടുംബങ്ങൾ ഇപ്പോൾ കാസർകോട് ബേക്കലിൽ അവധിക്കാലം ആസ്വദിക്കുകയാണ്. ജർമനിയിലെ കൊളോണിൽ നിന്നാണ് കാർസ്‌റ്റന്‍റെ വരവ്. ഇത് രണ്ടാം തവണയാണ് കാർസ്‌റ്റന്‍ കാരവാനിൽ ലോകസഞ്ചാരത്തിന് ഇറങ്ങുന്നത്. ഇക്കാലയളവിൽ ജോർദാൻ, ഇറാൻ, ഇറാഖ്, കുവൈത്ത്, യുഎഇ, ഒമാൻ, സൗദി അറേബ്യ, പാക്കിസ്ഥാൻ തുടങ്ങി 19 രാജ്യങ്ങൾ കണ്ടതായി കാർസ്‌റ്റൻ പറയുന്നു. യാത്രയുടെ തുടക്കത്തിൽ ഭാര്യയും ഒപ്പം ഉണ്ടായിരുന്നു. വീട്ടിൽ ഒരു അത്യാവശ്യം വന്നപ്പോൾ ഇടയ്ക്ക് മടങ്ങിപ്പോയി. തിരിച്ച് ഡൽഹിയിലേക്ക് കാർസ്‌റ്റൺ എത്തുമ്പോൾ ഭാര്യ മടങ്ങിയെത്തി വീണ്ടും യാത്രയിൽ പങ്കുചേരും.
ഗോവയിൽ വച്ചാണ് തിമൂറിനെയും കുടുംബത്തെയും പരിചയപ്പെട്ടത്. ഒരേ നഗരത്തിൽ നിന്നുള്ളവർ തുടർന്നുള്ള യാത്ര ഒന്നിച്ചാക്കി. പിക്കപ്പ് വാനിന്‍റെ പിൻഭാഗം മോടിപിടിപ്പിച്ചാണ് തിമൂറിന്‍റെയും കുടുംബത്തിന്‍റെയും യാത്ര. ഇതിനോടകം എട്ടുരാജ്യങ്ങൾ ചുറ്റികണ്ടു. ഇന്ത്യ ഏറെ ഇഷ്‌ടമായെന്നും വാഗ ബോർഡറിലെ സേനയുടെ ചടങ്ങുകൾ ഇഷ്‌ടമായെന്നും ഇവർ പറയുന്നു.
മക്കളായ സിയ, ലിമ എന്നിവരും കൂടെയുണ്ട്. മക്കൾ രണ്ടുപേരും ചിരട്ടയിൽ പല രൂപങ്ങൾ ഉണ്ടാക്കുന്ന തിരക്കിലാണ്. ഇവരുടെ ഊണും ഉറക്കവും എല്ലാം ഇതേ വാഹനങ്ങളിൽ തന്നെ. വൈദ്യുതി, വെള്ളം, ബയോമെട്രിക് ശൗചാലയം തുടങ്ങി എല്ലാ സൗകര്യങ്ങളും വാഹനങ്ങളിൽ ഉണ്ട്. അടുത്ത വർഷം ഫെബ്രുവരിയിൽ തിമൂറും കുടുംബവും യാത്ര അവസാനിപ്പിച്ച് മടങ്ങും. കേരളം മുഴുവന്‍ കാണാനുള്ള ആകാംക്ഷയിലാണ് ഇപ്പോള്‍ ഇവര്‍.