കോഴിക്കോട്: മാവൂരിൽ വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. സൗത്ത് അരയങ്കോട് മദ്രസയ്‌ക്ക് സമീപം കക്കാടംപൊയിൽ സ്വദേശി ജോമേഷും കുടുംബവും വാടകക്ക് താമസിക്കുന്ന വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത് (Accident Due to Explosion of Gas Cylinder in Mavoor, Kozhikode).
ഇന്ന് (25-03-2024) രാവിലെ ഏഴരയോടെയാണ് അപകടം സംഭവിച്ചത്. പുതിയ ഗ്യാസ് സിലിണ്ടറിൽ കണക്ഷൻ കൊടുത്തശേഷം ജോമേഷിന്‍റെ ഭാര്യ സ്‌റ്റൗവിൽ തീ കൊടുത്തതോടെ സിലിണ്ടറിലേക്ക് തീ പിടിക്കുകയായിരുന്നു. തുടർന്ന് തീ പെട്ടെന്ന് തന്നെ ആളി പടർന്നു. സിലിണ്ടറിന് തീ പിടിച്ചതോടെ വീട്ടുകാർ വീട്ടിന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
10 മിനിറ്റിനകം വലിയ ശബ്‌ദത്തോടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു.
വീടിനകം പൂർണ്ണമായും തകർന്നിട്ടുണ്ട്. വീട്ടുസാധനങ്ങളും, ഇലക്ട്രിക്കൽ-ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും, വീട്ടിനകത്ത് സൂക്ഷിച്ച പണവും, വസ്ത്രങ്ങളും പൂർണമായും കത്തി നശിച്ചു. രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയ പരിസരവാസിയായ ഇസ്‌മായിൽ എന്നയാൾക്ക് കാലിന് ചെറിയ രീതിയിൽ പൊള്ളലേറ്റിട്ടുണ്ട്. അപകടത്തില്‍ മറ്റാർക്കും പരിക്കില്ല.
ഈ വീടിനോട് തൊട്ടടുത്തുതന്നെയുള്ള മദ്രസയുടെ കെട്ടിടത്തിനും നാശനഷ്‌ടം സംഭവിച്ചിട്ടുണ്ട്. പരിസരത്തെ ഏതാനും മരങ്ങളും തീപടര്‍ന്നതിനെ തുടര്‍ന്ന് കത്തി നശിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മുക്കം അഗ്നിരക്ഷാ യൂണിറ്റാണ് തീ അണച്ചത്.