കോഴിക്കോട്: ഇങ്ങനെയും ഒരു കാലഘട്ടം ഉണ്ടായിരുന്നുവെന്ന് ഓർമ്മപ്പെടുത്തി കൊണ്ട് ഒരു ഫോട്ടോഷൂട്ട്. ദേവദാസി സമ്പ്രദായത്തെ ആസ്‌പദമാക്കി ഒരുക്കിയ "ഗാന്ധാരം" ഫോട്ടോഷൂട്ട് വനിത ദിനത്തിൽ ശ്രദ്ധേയമാവുന്നു. ജിമേഷ് കൃഷ്‌ണൻ്റെ തിരക്കഥയിൽ
ഷംഷാദ് സയ്യദ് താജ് ആണ് ഫോട്ടോ ഷൂട്ട് ഒരുക്കിയത്.
മെയ്ക്ക് ഓവർ ഷോട്ടോഷൂട്ടുമായി ഒരു കൂട്ടം മോഡലുകളാണ് എത്തിയത്. അടിച്ചമർത്തപ്പെട്ട ഇരുണ്ടകാലഘട്ടത്തിലെ ഓർമ്മപ്പെടുത്തലുകളുമായി ദേവദാസി സമ്പ്രദായത്തിലേക്കാണ് ഇവർ രൂപമാറ്റം നടത്തിയത്. ചരിത്രാരംഭം മുതല്‍ പുരോഹിതന്‍മാരുടെയും ഭരണാധികാരികളുടെയും അഭിലാഷങ്ങള്‍ക്കൊപ്പം ചുവട് വയ്ക്കുകയും വഴിയിലെവിടെയോ വച്ച് പുറന്തള്ളപ്പെടുകയും ചെയ്‌ത ഒരു വിഭാഗമാണ് ദേവദാസികള്‍.
സ്ത്രീ സമൂഹത്തിൻ്റെ മുന്നേറ്റത്തിൽ വിസ്‌മരിക്കപ്പെട്ട് പോകുന്ന ഇരുണ്ടകാലഘട്ടത്തെ ഓർമ്മപെടുത്തുകയാണ് ഈ ഫോട്ടോഷൂട്ട്. പഴയ കാലഘട്ടത്തിൽ നിന്നും പുതിയ കാലഘട്ടത്തിലേക്കുള്ള സ്‌ത്രീ സമൂഹത്തിന്‍റെ വളർച്ചയെ അടയാളപ്പെടുത്തുക എന്നതാണ് ഈ ഫോട്ടോഷൂട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
മോഡലിംഗും, നൃത്തകലയും സംഗീതവും സമന്വയിപ്പിച്ച് നടത്തിയ ഫോട്ടോഷൂട്ടിൽ പതിനഞ്ചോളം മോഡലുകൾ പങ്കാളികളായി. ഷംഷാദ് സയ്യദ് താജിൻ്റെ നിരവധി ഫോട്ടോഷൂട്ടുകൾ ഇതിന് മുമ്പും സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
ക്ഷേത്ര നടകളിലും അരമനയിലും മുഖത്ത് ചായം പൂശി, ആഭരണങ്ങളണിഞ്ഞ് ദൈവത്തെ സേവിക്കുകയെന്ന പേരിൽ മേലാളരുടെ ആവശ്യങ്ങൾക്ക് വഴങ്ങേണ്ടി വന്നവരാണ് ദേവദാസികൾ. ഇത് നമ്മുടെ ചരിത്രത്തിലെ തന്നെ കറുത്ത ഏടാണ്. ഇങ്ങനെയും ഒരു സമ്പ്രദായം ഒരു കാലത്ത് നിലനിന്നിരുന്നെന്നും, അതിൽ നിന്ന് ഇന്നത്തെ സ്‌ത്രീ സമൂഹം വളർന്നെന്നും തന്‍റെ ഫോട്ടോഷൂട്ടിലൂടെ കാണിച്ച് തരുകയാണ് ഷംഷാദ്.