തിരുവനന്തപുരം : ശാസ്‌ത്രലോകം ഉറ്റുനോക്കുന്ന ഐഎസ്ആർഒയുടെ ഗഗൻയാൻ ദൗത്യത്തിൽ (Gaganyaan Mission) ഉൾപ്പെട്ട മലയാളി, വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത് നായര്‍. അദ്ദേഹത്തിന് പുറമെ അംഗദ് പ്രതാപ്, അജിത് കൃഷ്‌ണൻ, ശുഭാൻശു ശുക്ല എന്നിവരാണ് ദൗത്യ പട്ടികയിൽ ഉള്ളത്. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനം കാത്തിരിക്കുകയാണ് ശാസ്‌ത്രലോകം.
പാലക്കാട് നെന്മാറ പഴയഗ്രാമം സ്വദേശിയാണ് പ്രശാന്ത്. 25 വർഷമായി അദ്ദേഹം വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റനായി സേവനം അനുഷ്‌ഠിക്കുന്നു. സുഖോയ് യുദ്ധ വിമാനം പറത്തുന്ന ഫൈറ്റർ പൈലറ്റാണ്. നാഷണൽ ഡിഫൻസ് അക്കാദമിയിലെ പഠനത്തിന് ശേഷം 1999-ൽ കമ്മിഷൻഡ് ഓഫിസറായി വ്യോമസേനയുടെ ഭാഗമായി. പ്രശാന്തിന്‍റെ മാതാപിതാക്കൾ, പ്രധാനമന്ത്രിയുടെ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.
ഗഗൻയാൻ ദൗത്യത്തിൽ പങ്കെടുക്കാനുള്ള പൈലറ്റുമാരെ 2020ൽ തെരഞ്ഞെടുത്ത ശേഷം പരിശീലനത്തിനായി റഷ്യയിലേക്ക് അയച്ചിരുന്നു. മാസങ്ങൾ നീണ്ട പരിശീലനം പൂർത്തിയാക്കി 2021ൽ സംഘം തിരിച്ചെത്തി. നിലവിൽ ഐഎസ്ആർഒയുടെ പ്രത്യേക കേന്ദ്രങ്ങളിൽ പരിശീലനം തുടരുന്ന പൈലറ്റുമാരുടെ പേരുകൾ ഇന്ന് പ്രധാനമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിക്കും. വിഎസ്എസ്‌സിയിൽ വച്ച് നടക്കുന്ന ചടങ്ങിൽ 'ആസ്ട്രനോട്ട് വിങ്സ്' പട്ടവും ചുരുക്കപ്പട്ടികയിലുള്ളവർക്ക് പ്രധാനമന്ത്രി കൈമാറും.
മനുഷ്യനെ ബഹിരാകാശത്തേക്കും അവിടെ നിന്ന് തിരിച്ചും സുരക്ഷിതമായി എത്തിക്കാൻ സാധിക്കുമെന്ന് തെളിയിക്കുക എന്നതാണ് ഗഗൻയാന്‍റെ ലക്ഷ്യം. 2025ലായിരിക്കും ഗഗൻയാൻ വിക്ഷേപിക്കുക. ഐഎസ്ആർഒയുടെ മൂന്ന് പ്രധാന സാങ്കേതിക സൗകര്യങ്ങൾ ഉദ്ഘാടനം ചെയ്യുന്നതിനായി തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ഗഗൻയാൻ പദ്ധതിയുടെ അവലോകനം നടത്തുകയും ചെയ്യും.