പത്തനംതിട്ട : തിരുവല്ല പുല്ലാട് ജി ആൻഡ് ജി നിക്ഷേപത്തട്ടിപ്പ് കേസില്‍ രണ്ട് പ്രതികള്‍ പൊലീസില്‍ കീഴടങ്ങി. ജി ആൻഡ് ജി ഫിനാൻസിന്‍റെ ഡയറക്‌ടർമാരായ തെള്ളിയൂർ ശ്രീരാമ സദനത്തില്‍ ഡി ഗോപാലകൃഷ്‌ണൻ നായർ, മകൻ ഗോവിന്ദ് ജി നായർ എന്നിവരാണ് തിരുവല്ല ഡിവൈഎസ്‌പി ഓഫീസിലെത്തി കീഴടങ്ങിയത്. വ്യാഴാഴ്‌ച (22-02-2024) രാവിലെ 11 മണിയോടെയാണ് പ്രതികൾ കീഴടങ്ങിയത്. ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.
നൂറ് കോടിയിലേറെ രൂപയുടെ നിക്ഷേപത്തട്ടിപ്പ് കേസില്‍ ആകെ നാല് പ്രതികളാണുള്ളത്. പൊലീസില്‍ കീഴടങ്ങിയ ഡി ഗോപാലകൃഷ്‌ണൻ നായരാണ് ഒന്നാം പ്രതിയും മകൻ ഗോവിന്ദ് ജി നായർ കേസിലെ മൂന്നാം പ്രതിയുമാണ്. ഗോപാലകൃഷ്‌ണൻ നായരുടെ ഭാര്യ സിന്ധു വി നായരാണ് കേസിലെ രണ്ടാം പ്രതി, മരുമകൾ ലക്ഷ്‌മി ലേഖകുമാറാണ് നാലാം പ്രതി. ഇവരെ ഇതുവരെ പൊലീസ് കണ്ടെത്തിയിട്ടില്ല. ഈ നാല് പ്രതികള്‍ക്കായി ഒരാഴ്‌ച മുൻപ് തന്നെ പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു.
നിക്ഷേപ തട്ടിപ്പ് സംബന്ധിച്ച് ഉടമകള്‍ക്കെതിരെ ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി 124 കേസുകള്‍ രജിസ്ട്രർ ചെയ്‌തിട്ടുണ്ട്. നിക്ഷേപങ്ങളുടെ കാലാവധി പൂർത്തിയായിട്ടും നിക്ഷേപത്തുക തിരികെ നല്‍കാത്തതിനെ തുടർന്നാണ് നിക്ഷേപകർ പൊലീസില്‍ പരാതിപ്പെട്ടത്.
പത്തനംതിട്ട, ആലപ്പുഴ ,കോട്ടയം, തിരുവനന്തപുരം ജില്ലകളിലായി സ്ഥാപനത്തിന്‍റെ 48 ബ്രാഞ്ചുകളാണ് പ്രവർത്തിച്ചു വന്നത്. അമിത പലിശ വാഗ്‌ദാനം ചെയ്‌താണ് ഉടമകള്‍ നിക്ഷേപം സ്വീകരിച്ചിരുന്നത്. ഒരു കൊല്ലത്തെ സ്ഥിരനിക്ഷേപത്തിന് 14 ശതമാനം, രണ്ടു കൊല്ലത്തേക്ക് 15 ശതമാനം, മൂന്ന് കൊല്ലത്തേക്ക് 16 ശതമാനം എന്നിങ്ങനെ ഇവര്‍ പലിശ വാഗ്‌ദാനം ചെയ്‌തിരുന്നതായി നിക്ഷേപകരുടെ പരാതിയില്‍ പറയുന്നുണ്ട്.
100 കോടിയിലേറെ രൂപ നിക്ഷേപകർക്ക് തിരികെ കിട്ടാനുണ്ടെന്നാണ് പ്രാഥമിക വിവരം. അര ലക്ഷം മുതല്‍ ഒരു കോടിയിലധികം രൂപവരെ നിക്ഷേപിച്ചവരുണ്ട്. മാസം തോറും നിക്ഷേപത്തിന്‍റെ ഒരു ശതമാനം വെച്ച് മടക്കിത്തരാമെന്ന് ഉടമകള്‍ നിക്ഷേപകരെ അറിയിച്ചിരുന്നു. പിന്നീടാണ് ഉടമകള്‍ മുങ്ങിയത്. പ്രതികള്‍ക്കെതിരെ വിശ്വാസവഞ്ചന, ചതി എന്നിവയ്ക്ക് പുറമേ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ബഡ്‌സ് ആക്‌ട് കൂടി ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.