കോഴിക്കോട്: കോഴിയമ്മയുടെയും മക്കളുടെയും സ്നേഹത്തിൻ്റെ കഥ ധാരാളം കേട്ടിട്ടുണ്ട്. എന്നാൽ ഇവിടെ കഥ തെല്ല് വ്യത്യസ്‌തമാണ്. പൂവൻകോഴിയും നല്ല പച്ചപനംതത്തയും തമ്മിലുള്ള സൗഹൃദമാണ് ആർക്കും കൗതുക കാഴ്‌ചയാവുന്നത്.
വാഴക്കാട് അനന്തയൂരിലാണ് ഈ അപൂർവ്വ സൗഹൃദ കാഴ്‌ച. അനന്തായൂർ പിലാത്തോട്ടത്തിൽ വസുന്ദരന്‍റെ വീട്ടിലെ തൂവെള്ള പൂവൻകോഴിയും കിങ്ങിണിയെന്ന തത്തയുമാണ് ഇപ്പോൾ നാട്ടിലെ താരങ്ങൾ. കോഴി എങ്ങോട്ട് തിരിഞ്ഞാലും കോഴിയുടെ പുറത്ത് നല്ല ഗമയിൽ കിങ്ങിണി തത്തയുമുണ്ടാകും. പരസ്‌പരം ഉമ്മ വച്ചും കൊഞ്ചിച്ചും അങ്ങനെ പറമ്പിലും റോഡിലും എല്ലായിടത്തും.
മറ്റു കോഴികളൊക്കെ പരിസരത്ത് ധാരാളമുണ്ടെങ്കിലും അവരോടൊന്നുമില്ല കിങ്ങിണി തത്തയ്ക്ക് സൗഹൃദം. രണ്ടുവർഷം മുമ്പാണ് ഈ അപൂർവ്വ സ്നേഹക്കൂട്ട് തുടങ്ങിയത്. കാക്ക കൊത്തി കൊണ്ടിട്ടതാണ് കിങ്ങിണി തത്തയെ.
അത്യാവശ്യം ചിറകടിച്ച് പാറക്കാനായപ്പോൾ വീട്ടുകാർ താത്തയെ തുറന്നുവിട്ടു. എന്നാൽ പാറി പോകാതെ നേരെ പോയത് പൂവൻകോഴിയുടെ പുറത്തേക്കാണ്. പിന്നത്തെ കാഴ്‌ച ഈ കാണുന്നതാണ്.
കിങ്ങിണി തത്തയുടെയും പൂവൻ കോഴിയുടെയും സൗഹൃദം നാടാകെ പാട്ടായപ്പോൾ ഈ കൂട്ട് കാണുന്നതിന് നിരവധിപേർ എത്തുന്നുണ്ട് വസുന്ദരൻ്റെ വീട്ടിൽ. സൗഹൃദങ്ങൾ പലപ്പോഴും വെറും കൊടുക്കൽ വാങ്ങലുകൾക്ക് വേണ്ടിമാത്രമായി മാറുന്ന ഇക്കാലത്ത് കിങ്ങിണി തത്തയും പൂവൻകോഴിയുടെയും ഈ സൗഹൃദ ഗാഥ ഏറെ വ്യത്യസ്‌തമാണ്.
Also Read: ഇതാ ഇവിടെയുണ്ട് ചക്കയ്‌ക്കുപ്പുണ്ടോ പാടുന്ന 'വിഷുപ്പക്ഷി'