ഇടുക്കി : വനംവകുപ്പിനെതിരെ വിമര്‍ശനമുന്നയിച്ച് മാങ്കുളം ജനകീയ സമരസമിതി കണ്‍വീനര്‍ ഫാ. മാത്യു കരോട്ട് കൊച്ചറക്കല്‍. വന്യമൃഗ ശല്യത്തില്‍ നിന്ന് ആളുകള്‍ക്ക് രക്ഷ നല്‍കുന്നതിനുള്ള ഫലപ്രദമായ ഇടപെടല്‍ വനംവകുപ്പിന്‍റെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെന്ന് ഫാ. മാത്യു കരോട്ട് കൊച്ചറക്കല്‍ പറഞ്ഞു.
വന്യമൃഗങ്ങളെ വനത്തിനുള്ളില്‍ തന്നെ പരിപാലിക്കാനുള്ള നടപടി വനംവകുപ്പ് സ്വീകരിക്കണം. മനുഷ്യന് മാന്യമായി ജീവിക്കാനുള്ള അവസരമൊരുങ്ങും വരെ സമരപരിപാടികളുമായി മുമ്പോട്ട് പോകുമെന്നും ഫാ. മാത്യു കരോട്ട് കൊച്ചറക്കല്‍ വ്യക്തമാക്കി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മാങ്കുളത്ത് ജനകീയ സമരസമിതിയുടെ സമരം തുടരുകയാണ് (Strike to Control Wildlife Nuisance).
മാങ്കുളത്തെ വന്യജീവി ശല്യം നിയന്ത്രിക്കുക, മാങ്കുളം ഡി എഫ് ഒക്കെതിരെ നടപടിയെടുക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈമാസം ആദ്യം മാങ്കുളം ജനകീയ സമരസമിതി രണ്ടാംഘട്ട സമരം ആരംഭിച്ചിരുന്നു. പ്രശ്‌ന പരിഹാരം കാണും വരെ വിരിപാറയിലെ ഡിഎഫ്ഒ ഓഫിസിന് മുമ്പില്‍ റിലേ സത്യാഗ്രഹ സമരവുമായി മുമ്പോട്ട് പോകാനാണ് സമര സമിതിയുടെ തീരുമാനമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഓരോ വാര്‍ഡ് മെമ്പര്‍മാരുടെയും നേതൃത്വത്തില്‍ ബഹുജന പങ്കാളിത്തതോടെയാണ് സമരം തുടരുന്നത്. വ്യാപാരി സംഘടനകളും വിവിധ കര്‍ഷക സംഘടനകളും മറ്റിതര സംഘടനകളും തുടര്‍ സമരത്തിന്‍റെ ഭാഗമാകുമെന്നും സമരസമിതി നേരത്തെ അറിയിച്ചിരുന്നു.