ഇടുക്കി : എൽ ഡി എഫ് സർക്കാർ കൂടുതലായി ജനങ്ങളുടെ ഭാഗത്തുനിന്ന് പ്രവർത്തിക്കണമെന്ന് സിപിഐ ഇടുക്കി മുൻ ജില്ല സെക്രട്ടറി കെ കെ ശിവരാമൻ. ജനങ്ങളെ മനസിലാക്കാൻ മുന്നണിക്ക് കഴിയണം. ഇതിനുവേണ്ട തിരുത്തലുകൾ മുന്നണിയും സർക്കാരും സ്വീകരിക്കണം. തെരഞ്ഞെടുപ്പ് പരാജയത്തിൽ വ്യക്തിക്കെതിരായ വിമർശനം കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നും ശിവരാമൻ പറഞ്ഞു.
"കുറേയേറെ മാറ്റങ്ങൾ വരണം. ജനങ്ങളെ മനസിലാക്കാൻ ഗവൺമെൻ്റിന് കഴിയണം. അവരുടെ വികാരത്തെ മാനിച്ചുകൊണ്ടേ മുന്നോട്ട് പോകാൻ കഴിയൂ. ജനങ്ങൾക്ക് അസംതൃപ്‌തിയുണ്ട് എന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. അത് തീർച്ചയായിട്ടും പരിശോധിക്കും. അതിനാവശ്യമായ തിരുത്തലുകൾ ഗവൺമെൻ്റിൻ്റെ ഭാഗത്തുനിന്ന് വരുത്തുമെന്നാണ് ഞാൻ കരുതുന്നത്" - അദ്ദേഹം പറഞ്ഞു.
"തിരുവനന്തപുരത്ത് രണ്ടുമൂന്ന് തെരഞ്ഞെടുപ്പുകളായി എൽഡിഎഫ് മൂന്നാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്ത് തന്നെയാണ് ഇപ്പോഴും നിൽക്കുന്നത്. അതിൻ്റെ കാരണം എനിക്കറിയില്ല. അത് തിരുവനന്തപുരം പാർട്ടിയാണ് പരിശോധിക്കേണ്ടത്. പക്ഷേ വോട്ടിങ് നിലയിൽ ബിജെപിയുടെ വളർച്ച വളരെ പ്രധാനപ്പെട്ട കാര്യമാണ്. അത് ഇടതുപക്ഷ മുന്നണി പരിശോധിക്കുമെന്നും ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നുമാണ് ഞാൻ കരുതുന്നത്" - കെ കെ ശിവരാമൻ കൂട്ടിച്ചേർത്തു.
Also Read: കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് : കെ.എസ്.യു - എം.എസ്.എഫ് സഖ്യത്തിന് ജയം