കോഴിക്കോട് : അമേരിക്കയിലെ ജോർജിയയില്‍ നിന്ന് യാത്ര തിരിച്ച വിദേശ വിനോദയാത്ര കപ്പല്‍ ലോഹൻക ബേപ്പൂർ തുറമുഖത്തെത്തി. കപ്പിത്താനും ഉടമകളുമായ അമേരിക്കൻ ദമ്പതികൾ റെയ്‌മണ്ട് പീറ്റേർസിനെയും ഭാര്യയേയും പോർട്ട് ഓഫിസർ ഹരി അച്ചുതവാര്യരും സീനിയർ പോർട്ട് കണ്‍സർവേറ്റർ അജിനേഷ് മാടങ്കരയും ചേർന്ന് സ്വീകരിച്ചു.
കേന്ദ ആഭ്യന്തര മന്ത്രാലയത്തിന്‍റെ എമിഗ്രേഷൻ നടപടിക്കുശേഷമാണ് ദമ്പതികള്‍ക്ക് ബേപ്പൂർ തുറമുഖത്ത് ഇറങ്ങാൻ അനുമതി നല്‍കിയത്. ലോഹൻക എന്ന വിദേശ കപ്പല്‍ ആദ്യമായാണ് ഇന്ത്യയില്‍ എത്തുന്നത്. ബേപ്പൂർ തുറമുഖത്തിന് ഐഎസ്‌ഡിഎസ് കോഡ് ലഭിച്ചതുകൊണ്ടാണ് ക്ലിയറൻസുകള്‍ കൂടാതെ കപ്പലിന് നേരിട്ട് തുറമുഖത്ത് എത്താനായത്. ഇന്നലെ രാവിലെ കൊച്ചിയില്‍ നിന്നാന്ന് കപ്പല്‍ ബേപ്പൂരിലെത്തിയത്.
കപ്പലിനൊപ്പം കരവഴി ഒരു ഇന്നോവ കാറും ദമ്പതികളുടെ സൗകര്യാർഥം സർവീസ് നടത്തുന്നുണ്ട്. ബേപ്പൂരിലിറങ്ങിയ ദമ്പതികള്‍ ബേപ്പൂർ ബിസി റോഡിന് സമീപം എടത്തൊടി സത്യന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ഉരു നിർമ്മാണശാല, മിഠായി തെരുവ്, കടലുണ്ടി പക്ഷി സങ്കേതം എന്നിവ സന്ദർശിച്ച ശേഷം ഇന്നലെ വൈകിട്ട് കണ്ണൂർ അഴീക്കല്‍ തുറമുഖത്തേക്ക് യാത്ര തിരിച്ചു.
അവിടെ നിന്ന് മംഗലാപുരത്തേക്കുമായിരിക്കും യാത്ര. നാല് ക്യാബിനിലുമായി എട്ട് അതിഥികള്‍ക്ക് അത്യാധുനിക സൗകര്യങ്ങളോടെ യാത്ര ചെയ്യാവുന്ന തരത്തില്‍, 40 മീറ്റർ നീളത്തിലും സ്‌റ്റീല്‍ നിർമ്മിതവുമായ ലോഹൻക 2001ല്‍ റോയല്‍ ഹാക്ക്വൂട്ട് കപ്പല്‍ നിർമ്മാണ ശാലയിലാണ് നിർമ്മിച്ചത്. ഉടമകളായ അമേരിക്കൻ ദമ്പതികളെ കൂടാതെ ക്രൂസുകളായി നാല് ഓസ്ട്രേലിയന്‍ പൗരന്മാര്‍, രണ്ട് ന്യൂസിലന്‍ഡ് സ്വദേശികള്‍, ഒരു അമേരിക്കക്കാരൻ അടക്കം 9 പേരാണ് കപ്പലിലുണ്ടായിരുന്നത്.