കണ്ണൂർ: കണ്ണപുരം പൊയ്യിൽ തറവാട്ടിലെ കാർത്യായനി അമ്മയുടെ സംസ്‌കാര ചടങ്ങുകൾക്കായി പൊതുശ്‌മശാനത്തിൽ എത്തിയ മക്കൾ കണ്ട കാഴ്‌ച അത്ര സുഖകരമായിരുന്നില്ല. ആകെ കാടുമൂടിയ നിലയിൽ പ്രദേശത്ത് എത്താൻ തന്നെ ബുദ്ധിമുട്ട്. സംസ്‌കാര ചടങ്ങുകൾക്ക് എത്തുന്നവർക്ക് ഇരിക്കാൻ പോലും ഇടമില്ലാത്ത അവസ്ഥ.
അവിടെയാണ് അമ്മയെ കിടത്തേണ്ടതെന്ന് ആലോചിച്ചപ്പോൾ തന്നെ അവർ ചിന്തിച്ചു തുടങ്ങിയിരുന്നു. അന്ന് മക്കളായ 5 പേർ ഒരു കാര്യം ഉറപ്പിച്ചു. അമ്മയുടെ ഓർമ്മയ്ക്കായി ഇവിടെ നല്ലൊരു ശ്‌മശാനം പണിയണം. അത് നാടിനായി സമർപ്പിക്കണം. ഒരു വർഷത്തിനിപ്പുറം അവർ ആ സ്വപ്‌നം യാഥാർത്ഥ്യമാക്കി.
അമ്മയുടെ ഓർമയ്‌ക്കായി പൊതുശ്‌മശാനം പുതുക്കി പണിതതിലൂടെ മരിച്ച അമ്മയ്‌ക്കായി എന്ത് ചെയ്യാൻ കഴിയുമെന്ന് കാട്ടിത്തരുകയാണ് കണ്ണപുരത്തെ കാർത്യായനി അമ്മയുടെ മക്കൾ. ഇവരുടെ പ്രവൃത്തി നാടിന് തന്നെ മാതൃകയായിരിക്കുകയാണ്. നാടിനുവേണ്ടി ഉയർന്നത് ആധുനിക സൗകര്യങ്ങളെല്ലാം ഉള്ള ശ്‌മശാനം.
എട്ടു ലക്ഷം രൂപ ചെലവിലാണ് ശ്‌മശാനം പുതുക്കി പണിതത്. കണ്ണപുരം മാറ്റാങ്കീൽ പറമ്പത്ത് കരോത്ത് പൊതുശ്‌മശാനമാണ് കഴിഞ്ഞ ദിവസം നാടിനായി സമർപ്പിച്ചത്. ഒരേസമയം രണ്ടു മൃതദേഹങ്ങൾ സംസാരിക്കാൻ സൗകര്യമുള്ള കെട്ടിടം. ഉയരത്തിലുള്ള പുകക്കുഴൽ, ഇരിപ്പിടം, ആംബുലൻസിന് പ്രവേശിക്കാനുള്ള സൗകര്യം എന്നിവയെല്ലാം സജ്ജമാക്കി.
ശ്‌മശാനപ്പറമ്പ് വെട്ടിത്തെളിച്ച് മനോഹരമാക്കി. ചുറ്റും വൈദ്യുതവിളക്കും സ്ഥാപിച്ചു. അച്ഛൻ എംഇകെ നമ്പ്യാരുടെ സ്‌മരണാർത്ഥം നേരത്തെ ഇവർ ചക്രങ്ങളോടുകൂടിയ സ്ട്രക്‌ചറും ശ്‌മശാനത്തിനുവേണ്ടി സംഭാവന ചെയ്‌തിരുന്നു. മധുസൂദനൻ നമ്പ്യാർ, മുരളീധരൻ നമ്പ്യാർ, രമേഷ് നമ്പ്യാർ, രതീഷ് നമ്പ്യാർ, ബാബു നമ്പ്യാർ എന്നിവരാണ് കാർത്യായനി അമ്മയുടെ 5 മക്കൾ.
ടാറ്റ എയർ ഇന്ത്യ വൈസ് പ്രസിഡണ്ട് ആയ രമേശ് നമ്പ്യാർ ഉൾപ്പെടെ എല്ലാവരും ഉന്നത ജോലിയിൽ ഉള്ളവരാണ്. കാർത്യായനി അമ്മയുടെ ഒന്നാം ചരമവാർഷികത്തിലാണ് ശ്‌മശാനം നിർമ്മിച്ച് നാടിന് സമർപ്പിച്ചത്. അമ്മയുടെ ഓർമദിനത്തിൽ ഇത്തരം നല്ല കാര്യം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്ന് മകൻ മധുസൂദനൻ നമ്പ്യാർ പറഞ്ഞു. ചുരുങ്ങിയ കാലയളവിൽ ശ്‌മശാനം നിർമ്മിക്കുവാൻ മുന്നിട്ട് നിന്നത് മാറ്റാങ്കീൽ ടീമാണ്.