തിരുവനന്തപുരം: പ്രാദേശിക തലത്തില്‍ കായികക്ഷമത വികസനം ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി 'ഫിറ്റ്‌നസ് ബോക്‌സ്' എന്ന പേരില്‍ കണ്ടെയ്‌നര്‍ ജിമ്മുകള്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍. ഖത്തര്‍ ആസ്ഥാനമായ ന്യൂ ബാലന്‍സ് ഫിറ്റ്‌നസ് അക്കാദമിയുമായി സഹകരിച്ചാണ് സംസ്ഥാന വ്യപകമായി ജിമ്മുകള്‍ ആരംഭിക്കുക. സോളാര്‍ വൈദ്യുതിയില്‍ എയര്‍ കണ്ടിഷന്‍ സൗകര്യത്തോടെ പ്രവര്‍ത്തിക്കുന്ന തരത്തിലുള്ള കണ്ടെയ്‌നര്‍ ജിമ്മുകള്‍ക്ക് 13 മുതല്‍ 20 ലക്ഷം വരെ വില വരുമെന്ന് കായിക മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ക്ലബുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരുമായി ചേര്‍ന്ന് ജിമ്മുകള്‍ സ്ഥാപിക്കാനാകും. എംഎല്‍എ, എംപി ഫണ്ടുകള്‍ ഉപയോഗിച്ചും കണ്ടെയ്‌നറില്‍ ജിമ്മുകള്‍ സ്ഥാപിക്കാം. 20 അടി വ്യാസമുള്ള കണ്ടെയ്‌നറുകളാകും ഇതിനായി ഉപയോഗിക്കുക.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ട്രെയിനറെയും ഇന്‍ഷുറന്‍സ് പരിരക്ഷയുമുള്‍പ്പെടെ എന്‍ബിഎഫ് ഉറപ്പ് നൽകുന്നു. ഫര്‍ണിച്ചറുകളും എല്‍ഇഡി ടിവി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും കണ്ടെയ്‌നറിൽ ഉണ്ടാകും. കണ്ടെയ്‌നറുകളില്‍ പരസ്യ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് വരുമാനം കണ്ടെത്താനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.
ജിമ്മിലേക്കുള്ള പ്രവേശനത്തിനും ഫീസടയ്ക്കാനും ക്യൂആര്‍ കോഡ് സ്‌കാനിങ് സംവിധാനമാകും സ്ഥാപിക്കുക. ഓഡിയോ, വെര്‍ച്ച്വല്‍ റിയാലിറ്റി ഉപയോഗിച്ചുള്ള ഗെയിമിങ് സംവിധാനവും ഇതിൽ ഉള്‍പ്പെടുത്തും. പ്രാദേശിക തലത്തില്‍ നഗരങ്ങളിലും തുടര്‍ന്ന് ഗ്രാമങ്ങളിലേക്കും കണ്ടെയ്‌നര്‍ ജിമ്മുകള്‍ സ്ഥാപിക്കുമെന്ന് പദ്ധതിയുടെ ചുമതല വഹിക്കുന്ന കായിക മന്ത്രിയുടെ ഓഫിസ് സ്‌റ്റാഫംഗം രമേശ് പറഞ്ഞു.
കമ്പനി അധികൃതരുമായി പദ്ധതിയില്‍ സര്‍ക്കാര്‍ കരാര്‍ ഒപ്പിടാന്‍ തീരുമാനമായിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് സമീപിക്കാനുള്ള സംവിധാനം കൂടി ഒരുക്കിയ ശേഷം സംസ്ഥാന വ്യാപകമായി പ്രദേശിക കൂട്ടായ്‌മകളില്‍ നിന്നും താത്പര്യ പത്രം ക്ഷണിക്കുമെന്നാണ് വിവരം.
Also Read: ഫിറ്റായിരിക്കാന്‍ കൃത്യമായ വ്യായാമം വേണം: 'മയോ' ക്ലിനിക്കിലെ പഠനറിപ്പോർട്ട് ഇങ്ങനെ