കോഴിക്കോട് : ബാലുശ്ശേരി കിനാലൂര്‍ മങ്കയത്ത് വന്‍ തീപിടിത്തം. മങ്കയത്ത് ഇരമ്പറ്റ താഴെ, കോഴിക്കോട് ചേവായൂര്‍ സ്വദേശി കെ സി ജോസഫിന്‍റെ ഉടമസ്ഥതയിലുള്ള പത്ത് ഏക്കര്‍ സ്ഥലത്ത് ഉള്ള റബ്ബര്‍ തോട്ടത്തിലാണ് അഗ്നിബാധയുണ്ടായത്. പുലര്‍ച്ചെ ഒരുമണിയോടെയാണ് തീ നാട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്.
തുടർന്ന് നരിക്കുനി ഫയർ യൂണിറ്റിൽ വിവരമറിയിച്ചു. നരിക്കുനിയിൽ നിന്നും രണ്ട് ഫയർ യൂണിറ്റ് സ്ഥലത്തെത്തിയെങ്കിലും റബ്ബർ തോട്ടത്തിന് അകത്തേക്ക് എത്തിപ്പെടാൻ വലിയ പ്രതിസന്ധി നേരിട്ടു. ഇത് തീ അണയ്ക്കുന്നതിന് പ്രയാസം സൃഷ്‌ടിച്ചു.
തുടർന്ന് നാല് മണിക്കൂറിലേറെ സമയം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപ്പോഴേക്കും ഏകദേശം നാല് ഏക്കര്‍ സ്ഥലത്തെ റബ്ബര്‍ മരങ്ങള്‍ പൂർണ്ണമായും കത്തി നശിച്ചിരുന്നു.
അടിക്കടി ഈ ഭാഗങ്ങളിൽ തീപിടുത്തം ഉണ്ടാവുകയും നാട്ടുകാർക്ക് വലിയ നാശനഷ്‌ടങ്ങൾ സംഭവിക്കാൻ തുടങ്ങുകയും തുടങ്ങിയതോടെ മനപ്പൂർവ്വം തീയിടുന്നതാണോ എന്ന സംശയവും നാട്ടുകാർക്കിടയിൽ ഉടലെടുത്തിട്ടുണ്ട്. തീ അണയ്‌ക്കുന്നതിന് നരിക്കുനി ഫയർ യൂണിറ്റ് അസിസ്‌റ്റന്‍റ് സ്‌റ്റേഷന്‍ ഓഫിസര്‍ എം സി മനോജ്, സീനിയര്‍ ഫയര്‍ ഓഫിസര്‍ എന്‍. ഗണേശന്‍, ഫയര്‍ ഓഫിസര്‍മാരായ എ നിപിന്‍ ദാസ്, എം വി അരുണ്‍, എ വിജീഷ്, കെ പി സത്യന്‍, ഐ എം സജിത്ത്, എം ജിനുകുമാര്‍, വി രാമചന്ദ്രന്‍ എന്നിവരാണ് നേതൃത്വം നൽകിയത്.
ബാലുശ്ശേരി കോട്ട നടവയലിൽ വീണ്ടും തീപിടിത്തം: ബാലുശ്ശേരി കോട്ട നടവയലിൽ തീപിടിത്തമുണ്ടായി. ഏപ്രിൽ 17 ന് രാവിലെ പത്ത് മണിയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. വയലിലെ ഉണങ്ങിയ പുല്ലിനാണ് തീപിടിച്ചത്.
പുക ഉയരുന്നതുകണ്ട പരിസരവാസികൾ നരിക്കുനി ഫയർ യൂണിറ്റിൽ വിവരമറിയിക്കുകയായിരുന്നു. രണ്ടാഴ്‌ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് ഇവിടെ തീപിടിത്തമുണ്ടാകുന്നത്.
ഫയർ യൂണിറ്റ് അംഗങ്ങൾ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പനങ്ങാടിന്‍റെ നെല്ലറയെന്ന് അറിയപ്പെടുന്ന പ്രദേശത്ത് വേനല്‍ കൃഷിക്ക് തുടക്കമിടാനുള്ള ഒരുക്കങ്ങള്‍ കര്‍ഷകര്‍ നടത്തുന്നതിനിടയിലാണ് വീണ്ടും തീപിടിത്തമുണ്ടായിരിക്കുന്നത്. ഇത് കർഷകർക്കിടയില്‍ വലിയ ആശങ്ക സൃഷ്‌ടിച്ചിട്ടുണ്ട്.
ALSO READ : ചെറുവണ്ണൂരിൽ ആക്രിക്കടയ്ക്ക് തീപിടിച്ചു ; മീഞ്ചന്ത അഗ്നിശമനസേന സ്ഥലത്തെത്തി തീ അണച്ചു
അസി. സ്‌റ്റേഷന്‍ ഓഫിസര്‍ എം സി മനോജ്, ഫയര്‍ റെസ്‌ക്യു ഓഫിസര്‍മാരായ എല്‍ ഗണേശന്‍, പി വിജയന്‍, ഫയര്‍ ഓഫിസര്‍മാരായ നാരായണൻ, കെ നിബിന്‍ദാസ്, കെ വിജീഷ്, ഒ സൂരജ്, നിബുല്‍ , കേരളന്‍ , വിജയന്‍ , ദേവരാജ്, സന്ദീപ് എന്നിവർ തീ അണയ്ക്കുന്നതിന് നേതൃത്വം നൽകി.