പത്തനംതിട്ട: കൂടല്‍ മുറിഞ്ഞകല്ലില്‍ ശബരിമല തീര്‍ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച സംഭവത്തില്‍ അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. കാര്‍ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് എഫ്‌ഐആറില്‍ പറയുന്നു. കോന്നി മല്ലശേരി പുത്തന്‍ തുണ്ടിയില്‍ വീട്ടില്‍ മത്തായി ഈപ്പന്‍ (65), മകന്‍ നിഖില്‍ ഈപ്പന്‍ മത്തായി(29), തെങ്ങുംകാവ് പുത്തന്‍വിള കിഴക്കേതില്‍ ബിജു പി ജോര്‍ജ് (51), മകള്‍ അനു ബിജു (26) എന്നിവരായിരുന്നു ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരിച്ചത്.
അപകടം നടക്കുന്നതിന് തൊട്ടുമുന്‍പ് കാര്‍ പോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കാര്‍ അമിത വേഗത്തില്‍ വന്നിടിച്ചു എന്നാണ് തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന്‍റെ ഡ്രൈവര്‍ സതീഷ് പറയുന്നത്. കാര്‍ വരുന്നത് കണ്ട് വേഗം കുറച്ച് വശത്തേക്ക് വാഹനം ഒതുക്കി. പക്ഷേ കാര്‍ ഇടിച്ചു കയറി. ബസ് സാധാരണ വേഗത്തില്‍ മാത്രമായിരുന്നുവെന്നും ഡ്രൈവര്‍ സതീഷ് വ്യക്തമാക്കി.
ഹൈദരാബാദ് സ്വദേശികളായ 19 തീര്‍ഥാടകരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ബസിന്‍റെ മുൻവശം പൂര്‍ണമായി തകര്‍ന്നിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം, അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പൂര്‍ത്തിയായി. മൃതദേഹങ്ങള്‍ ഇടത്തിട്ടയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിഖിലിന്‍റെ സഹോദരി വിദേശത്ത് നിന്നും എത്തിയതിന് ശേഷമായിരിക്കും സംസ്‌കാരം നടക്കുക.
ഇക്കഴിഞ്ഞ നവംബര്‍ 30നായിരുന്നു അനുവിന്‍റെയും നിഖിലിന്‍റെയും വിവാഹം. എട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. മലേഷ്യയിലെ മധുവിധു ആഘോഷം കഴിഞ്ഞ് നാട്ടിലേക്ക് തിരികെയെത്തിയ ദമ്പതികളെ വിമാനത്താവളത്തിലേക്ക് പോയതായിരുന്നു അനുവിന്‍റെ പിതാവ് ബിജു ജോര്‍ജും നിഖിലിന്‍റെ പിതാവ് മത്തായി ഈപ്പനും. കാനഡയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന നിഖില്‍ കഴിഞ്ഞ മാസം 25നാണ് വിവാഹത്തിനായി നാട്ടിലെത്തിയത്.
Read More : പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചു; നവദമ്പതികളടക്കം നാലുപേർക്ക് ദാരുണാന്ത്യം