എറണാകുളം : വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതി ചാവക്കാട് സ്വദേശി ഷാജഹാൻ (36) പൊലീസ് പിടിയിൽ (financial fraud case). മൈസൂർ കാഡ്ബഗരുവിൽ ഒളിവിൽ കഴിയുകയായിരുന്ന ഷാജഹാനെ മീനാക്ഷിപുരത്ത് നിന്നാണ് കോതമംഗലം പൊലീസ് സാഹസികമായി പിടികൂടിയത്. കോതമംഗലം ചേലാട് വാടകയ്ക്ക് താമസിക്കുന്ന സഹോദരങ്ങൾക്ക് യുകെയിൽ തൊഴിൽ വിസ നൽകാമെന്ന് പറഞ്ഞ് 6,10,000 രൂപ തട്ടിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.
സമാനമായ മുപ്പതിലേറെ കേസുകൾ പ്രതിയുടെ പേരിലുണ്ട്. പ്രതി തൻ്റെ വിശാലമായ സൗഹൃദ വലയം ഉപയോഗിച്ചാണ് ആളുകളെ കണ്ടെത്തുന്നത്. കമ്മിഷൻ വ്യവസ്ഥയിൽ സുഹൃത്തുക്കളാണ് വിദേശത്ത് പോകാൻ താത്പര്യമുള്ളവരെ സമീപിച്ച് തൊഴിൽ വിസയുണ്ടെന്ന് പറഞ്ഞ് ഇയാൾക്ക് പരിചയപ്പെടുത്തി കൊടുത്തിരുന്നത്. ഇത്തരത്തിൽ തിരുവനന്തപുരത്തുള്ള ഒരാൾ 13 പേരെയും കോതമംഗലത്തുള്ള ഒരാൾ നാല് പേരെയും ഷാജഹാന് പരിചയപ്പെടുത്തിക്കൊടുത്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇവരെ പണം വാങ്ങി കബളിപ്പിച്ചിരിക്കുകയാണ്. യുകെ സിം ഉൾപ്പടെ നാല് സിമ്മുകളാണ് ഇയാൾക്കുള്ളത്. ഉദ്യോഗാർഥികളെ നേരിട്ട് സമീപിക്കാതെ വീഡിയോ കോൾ വഴി ബന്ധപ്പെട്ട് പണം അക്കൗണ്ടിലൂടെ സ്വീകരിക്കുകയാണ് ചെയ്യുന്നത്.
യുകെയിൽ വലിയ ബന്ധങ്ങളുള്ള ആളാണെന്നും നിരവധി പേരെ വിദേശത്തേക്ക് കൊണ്ടുപോയെന്നും പറഞ്ഞ് ഇരകളെ വലയിൽ വീഴ്ത്തുന്നതായിരുന്നു ഷാജഹാന്‍റെ രീതി. പ്രതിയുടെ രണ്ട് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ മുപ്പതുകോടി രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് വിവരം ലഭിച്ചു. വേറെയും അക്കൗണ്ടുകൾ ഉണ്ടെന്നാണ് സൂചന.
മൂന്ന് വോട്ടർ ഐഡിയും മൂന്ന് പാസ്പോർട്ടുകളും ഇയാൾക്കുണ്ട്. കർണാടക, തമിഴ്‌നാട്, കേരള സംസ്ഥാനങ്ങളിലെ വിലാസങ്ങളാണ് ഇതിലുള്ളത്. മീനാക്ഷിപുരത്തെ ഉൾഗ്രാമത്തിൽ ഒളിച്ചുകഴിയുകയായിരുന്ന ഷാജഹാനെ ജില്ല പൊലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം സാഹസികമായാണ് പിടികൂടിയത്.
പൊലീസിനെ ആക്രമിച്ച് വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഏറെ ദൂരം പിന്തുടർന്നാണ് പിടികൂടിയത്. വാഹനത്തിൽ നിന്ന് വ്യാജ പാസ്പോർട്ട്, ഉദ്യോഗാർഥികളുടെ പാസ്‌പോർട്ട്, ചെക്ക് ബുക്കുകൾ, പ്രോമിസറി നോട്ട് എന്നിവ കണ്ടെടുത്തു. ഇൻസ്പെക്‌ടർ പി ടി ബിജോയ്, എസ്ഐമാരായ അൽബിൻ സണ്ണി, കെ ആർ ദേവസ്സി, സീനിയർ സിപിഒമാരായ ടി ആർ ശ്രീജിത്ത്, നിയാസ് മീരാൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പൊലീസ് ഇയാളുടെ തട്ടിപ്പുകളെ കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചു.