കോട്ടയം: പതിനാറാം ധനകാര്യ കമ്മിഷൻ ചെയർമാൻ ഡോ. അരവിന്ദ് പനഗാരിയയും സംഘവും കോട്ടയം തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് സന്ദർശിച്ചു. പതിനാറാം ധനകാര്യ കമ്മിഷൻ റിപ്പോർട്ട് തയാറാക്കുന്നതിന് മുന്നോടിയായി സംസ്ഥാന സന്ദർശനത്തിന് എത്തിയതാണ് കമ്മിഷൻ.
ഇന്നലെ (09-12-2024) രാവിലെ 10.30ന് തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തിയ കമ്മീഷൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനവും സേവനങ്ങളും വിലയിരുത്തി. 233 സേവനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ജനങ്ങൾക്ക് ലഭിക്കുന്നതായും സുലേഖ, സേവന അടക്കമുള്ള പോർട്ടലുകളിലൂടെ അപേക്ഷ ഓൺലൈനായി നൽകുന്ന സംവിധാനവും വിലയിരുത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പഞ്ചായത്ത് ഭരണം സുതാര്യമാക്കാനായി പഞ്ചായത്ത് കമ്മിറ്റി മിനിട്‌സ്, ഫണ്ട് ചെലവഴിക്കൽ പുരോഗതി എന്നിവ ഓൺലൈനിൽ ലഭിക്കുന്നതിന്‍റെ വിവരങ്ങളും കമ്മിഷന്‍ ചോദിച്ചറിഞ്ഞു. ഓഫീസിലെ ഫ്രണ്ട് ഓഫീസ് സംവിധാനം, ടോക്കൺ സംവിധാനം, ഹെൽപ് ഡെസ്‌ക് എന്നിവയുടെ പ്രവർത്തനവും സംഘം പരിശോധിച്ചു.
തുടർന്ന് പഞ്ചായത്തിന്‍റെ ലബോറട്ടറി, മാലിന്യ ശേഖരണ യൂണിറ്റ് (എംസിഎഫ്) എന്നിവ സന്ദർശിച്ചു. ഹരിത കർമ സേനയുടെയും എംസിഎഫിന്‍റെയും പ്രവർത്തനം, ഹരിതമിത്ര മൊബൈൽ ആപ്ലിക്കേഷന്‍റെ ഉപയോഗം, ഹരിത കർമ സേനയ്ക്ക് വിശ്രമത്തിനടക്കം ഒരുക്കിയിട്ടുള്ള സംവിധാനങ്ങൾ, മാലിന്യ ശേഖരണത്തിനായുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം എന്നിവ കമ്മീഷൻ വിലയിരുത്തി.
തുടർന്ന് കേരഗ്രാമം പദ്ധതിയുടെ ഭാഗമായി തെങ്ങിൻ തൈകൾ പാകി മുളപ്പിക്കുന്ന നഴ്‌സറി സന്ദർശിച്ചു. ഒരു വീട്ടിൽ ഒരു തെങ്ങിൻ തൈ സൗജന്യമായി നട്ടു പരിപാലിക്കുന്ന പദ്ധതിയാണ് കേരഗ്രാമം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് രണ്ട് വർഷത്തിനുള്ളിൽ പഞ്ചായത്തിൽ 12000 തെങ്ങിൻ തൈകൾ നട്ട് പരിപാലിച്ചിട്ടുണ്ടെന്നും തൈകൾക്കായി 7000 വിത്തുതേങ്ങ പാകി ഒരുക്കിയിട്ടുണ്ടെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അജയൻ കെ മേനോന്‍ സംഘത്തോട് വിവരിച്ചു.
പ്രാദേശിക സാമ്പത്തിക വികസനത്തിന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി വിനിയോഗിക്കുകയാണ്. അഞ്ച് വർഷം കൊണ്ട് അൻപതിനായിരം തേങ്ങ അധികമായി ഉത്പാദിപ്പിക്കാൻ കഴിയും. പ്രാദേശിക സാമ്പത്തിക മോഡലെന്ന നിലയിലും കാർഷിക വികസന പദ്ധതിയെന്ന നിലയിലുമുള്ള കേര ഗ്രാമത്തിന്‍റെ പ്രാധാന്യം അദ്ദേഹം വിവരിച്ചു.
തുടർന്ന് ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ സംയുക്തമായി നിർമിച്ച വനിതകൾക്കുള്ള വെൽനെസ് സെന്‍റർ സംഘം സന്ദർശിച്ചു. രാവിലെയും വൈകിട്ടും അഞ്ച് മുതൽ എട്ട് വരെയാണ് സ്ത്രീകൾക്ക് സൗജന്യ വ്യായാമ പരിശീലനത്തിന് ഇവിടെ സൗകര്യം ഒരുക്കിയിട്ടുള്ളത്. പഞ്ചായത്തിന്‍റെ പ്രവർത്തനങ്ങളിൽ കമ്മിഷൻ സംതൃപ്‌തി രേഖപ്പെടുത്തിയിട്ടുണ്ട്.
കമ്മീഷന്‍ അംഗങ്ങളായ ഡോ. മനോജ് പാണ്ഡ, ആനി ജോർജ് മാത്യു, ഡോ. സൗമ്യകാന്തി ഘോഷ്, സെക്രട്ടറി റിഥിക് പാണ്ഡേ, ജോയിന്‍റ് സെക്രട്ടറി രാഹുൽ ജെയിൻ, ഡെപ്യൂട്ടി സെക്രട്ടറി അജിത് കുമാർ രഞ്ചൻ, ചെയർമാന്‍റെ പ്രൈവറ്റ് സെക്രട്ടറി കുമാർ വിവേക്, ഡെപ്യൂട്ടി ഡയറക്‌ടർ സന്ദീപ് കുമാർ, ഓഫീസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി ഓംപാൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അജയൻ കെ. മേനോൻ, ജനപ്രതിധിനികൾ തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, സ്പെഷൽ സെക്രട്ടറി ടി.വി. അനുപമ, പ്രിൻസിപ്പൽ ഡയറക്‌ടർ സീറാം സാംബശിവ റാവു, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്‌ടറും ഐ.പി.ആർ.ഡി. സെക്രട്ടറിയുമായ എസ്. ഹരികിഷോർ, ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.