എറണാകുളം : ആശുപത്രിയിൽ എമർജൻസി വിഭാഗത്തിൽ സിനിമ ചിത്രീകരണം. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. അങ്കമാലി താലൂക്ക് ആശുപത്രിയിൽ എമർജൻസി വിഭാഗത്തിൽ വ്യാഴാഴ്‌ച രാത്രിയായിരുന്നു രോഗികളെ ബുദ്ധിമുട്ടിലാക്കി സിനിമ ചിത്രീകരണം.
ഫഹദ് ഫാസിൽ നിമാതാവായ പൈങ്കിളി എന്ന സിനിമയുടെ ചിത്രീകരമാണ് നടന്നത്. സർക്കാർ ആശുപത്രിയിൽ സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയ ബന്ധപ്പെട്ടവർ 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട്, എറണാകുളം ജില്ല മെഡിക്കൽ ഓഫിസർ എന്നിവർക്കാണ് കമ്മിഷൻ നിർദേശം നൽകിയത്. ചിത്രീകരണത്തിനിടയിൽ രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടായി എന്ന രീതിയിൽ പരാതികൾ ഉയർന്നിട്ടുണ്ട്. ചിത്രീകരണ സമയത്ത് രോഗികളോട് നിർബന്ധിതമായി നിശബ്‌ദരായി ഇരിക്കാൻ സിനിമയുടെ അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടതായും ആശുപത്രി അധികൃതർക്ക് ലഭിച്ച പരാതിയിലുണ്ട്.