കാസര്‍കോട് : മഞ്ചേശ്വരം ഉപ്പളയില്‍ സ്വകാര്യ ബാങ്കിന്‍റെ എ.ടി.എമ്മില്‍ നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപ പട്ടാപ്പകൽ കൊള്ളയടിച്ചു. ഇന്ന് (27-03-2024 )ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഉപ്പള ബസ് സ്റ്റാന്‍ഡിന്‍റെ മുന്‍വശത്തുള്ള എ.ടി.എമ്മില്‍ നിറയ്ക്കാനായാണ് സ്വകാര്യ ഏജന്‍സിയുടെ വാഹനത്തില്‍ പണമെത്തിച്ചത്. വാഹനത്തിന്‍റെ ഏറ്റവും പുറകിലെ അറയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.
വാഹനം ഉപ്പളയിലെത്തിയപ്പോള്‍ എടിഎമ്മിൽ നിറയ്ക്കാനുള്ള 50 ലക്ഷം രൂപയുടെ രണ്ട് കെട്ടുകള്‍ ജീവനക്കാര്‍ മധ്യഭാഗത്തെ സീറ്റിലേക്ക് മാറ്റി. തുടര്‍ന്ന് ആദ്യത്തെ 50 ലക്ഷം എ.ടി.എമ്മില്‍ നിറയ്ക്കാനായി ജീവനക്കാര്‍ വാഹനം പൂട്ടി എ.ടി.എം കൗണ്ടറിലേക്ക് പോയി. ഈ സമയം സീറ്റില്‍വച്ചിരുന്ന 50 ലക്ഷം രൂപ വാഹനത്തിന്‍റെ ചില്ല് തകര്‍ത്ത് മോഷ്‌ടാവ് കവരുകയായിരുന്നു.
അതേസമയം സംഭവത്തിൽ ദുരൂഹത തുടരുകയാണ്. അശ്രദ്ധമായ രീതിയിലാണ് ഏജൻസി പണം കൈകാര്യം ചെയ്‌തതെന്ന് പൊലീസ് വ്യക്തമാക്കുന്നു. എടിഎമ്മിൽ പണം നിറയ്ക്കാൻ പോകുമ്പോൾ തോക്കുമായി സുരക്ഷാ ഉദ്യോഗസ്ഥൻ ഉണ്ടാകണം. എന്നാൽ ഇവിടെ അത്തരം മുൻകരുതലുകൾ ഒന്നും ഉണ്ടായിരുന്നില്ല. കരാറെടുത്ത കമ്പനിയുടെ രണ്ട് ഉദ്യോഗസ്ഥർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. സുരക്ഷാ ഗ്രില്ലുകളും വാഹനത്തിൽ ഇല്ലായിരുന്നു.
വാഹനത്തിലെ സിസിടിവി ഓഫ് ആയിരുന്നു. ഉപ്പള നഗരത്തിലാണ് കവർച്ച നടന്നതെങ്കിലും സംഭവം ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ലെന്നതിലും ദുരൂഹതയുണ്ട്. വാഹനം നിർത്തി പത്തുമിനിറ്റ് കൊണ്ടുതന്നെ ചില്ല് തകർത്ത് മോഷ്‌ടാവ് പണവുമായി കടന്നുകളയുകയായിരുന്നു.
Also Read : എടിഎം മെഷീനില്‍ പ്ലാസ്റ്ററൊട്ടിച്ച് പണം തട്ടി യുവാക്കള്‍; തട്ടിപ്പ് സംഘത്തിനെതിരെ കേസ്
സംശയാസ്‌പദമായി ഒരാൾ ബാഗുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ മഞ്ചേശ്വരം പൊലീസിന് ലഭിച്ചിട്ടുണ്ട്. അതിർത്തികളിൽ ഉൾപ്പടെ പരിശോധന കർശനമാക്കിയിരിക്കുകയാണ് പൊലീസ്.